കേരളത്തിൽ വീണ്ടും വൈദ്യുതി പ്രതിസന്ധിക്ക് സാധ്യത; നവംബർ ഒന്നുമുതൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ മാസത്തോടെ വീണ്ടും രൂക്ഷമായ വൈദ്യുതി പ്രതിസന്ധി ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. ഹിമാചൽ പ്രദേശിൽ നിന്നുള്ള വൈദ്യുതി വിതരണം അവസാനിക്കുന്നതോടെ വൈദ്യുതി ലഭ്യതയിൽ വലിയ കുറവുണ്ടാകുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. നവംബർ ഒന്നുമുതൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടായേക്കും.
രാത്രികാലങ്ങളിൽ 1200 മെഗാവാട്ട് വരെ വൈദ്യുതി നൽകാമെന്നായിരുന്നു ഹിമാചൽ പ്രദേശുമായി ധാരണയുണ്ടായിരുന്നത്. ഒക്ടോബർ മാസത്തിൽ ഈ വൈദ്യുതി ലഭിച്ചതാണ് സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ഒരു പരിധിവരെ ഒഴിവാക്കാൻ സഹായിച്ചത്. എന്നാൽ അടുത്ത വർഷം മേയ് മാസം വരെ വൈദ്യുതി വാങ്ങുന്നതിനുള്ള കരാർ നീട്ടാനുള്ള സർക്കാർ അനുമതി വൈകിയതോടെ ഹിമാചൽ പ്രദേശ് പിന്മാറുകയായിരുന്നു.
കെഎസ്ഇബി പലതവണ കത്തുകൾ നൽകിയിട്ടും സർക്കാർ തലത്തിൽ തീരുമാനമുണ്ടായില്ലെന്നാണ് റിപ്പോർട്ട്. കരാർ തുടരുന്നതിനുള്ള അനുമതി ലഭിക്കാത്തത് സംസ്ഥാനത്തിന് വലിയ തിരിച്ചടിയായി.
നവംബർ ഒന്നിന് രാത്രി മുതൽ ഏകദേശം 1280 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടാകുമെന്നാണ് കെഎസ്ഇബിയുടെ കണക്കുകൂട്ടൽ. വൈദ്യുതി വിപണിയിൽ നിന്ന് ആവശ്യമായ വൈദ്യുതി ലഭിച്ചില്ലെങ്കിൽ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവരും.
വൈകിട്ട് ആറുമണി മുതൽ അർധരാത്രി വരെയുള്ള സമയത്താണ് വൈദ്യുതി ഉപഭോഗം ഏറ്റവും കൂടുതലുള്ളത്. ഈ സമയത്തെ ആവശ്യകതയും ലഭ്യതയും തമ്മിലുള്ള അന്തരം വർധിക്കുന്നത് പ്രതിസന്ധി രൂക്ഷമാക്കും.
നിലവിലെ സാഹചര്യം വിശദീകരിച്ച് സർക്കാരിന് വീണ്ടും കത്ത് നൽകാനാണ് കെഎസ്ഇബിയുടെ തീരുമാനം. സർക്കാരിന്റെ അടിയന്തര ഇടപെടലുണ്ടായില്ലെങ്കിൽ വരും മാസങ്ങളിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ശക്തമാകാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്.ഹിമാചലിൽ നിന്നുള്ള വൈദ്യുതി നഷ്ടമായതും സർക്കാർ തലത്തിലെ തീരുമാനവൈകിയതും കേരളത്തെ വീണ്ടും ഇരുട്ടിലാക്കുമോ എന്ന ആശങ്കയിലാണ്.




