പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് കൂട്ട പരോൾ; പ്രതിഷേധവുമായി മുഖ്യമന്ത്രിയെ കാണാൻ ശരത് ലാലിന്റെ കുടുംബം

കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികൾക്ക് കൂട്ടമായി പരോൾ അനുവദിച്ചതിനെതിരെ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശരത് ലാലിന്റെ കുടുംബം രംഗത്ത്. മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും നേരിൽ കാണുമെന്നും പ്രതികളെ അതീവസുരക്ഷാ ജയിലിലേക്ക് മാറ്റണമെന്നും ശരത് ലാലിന്റെ പിതാവ് സത്യനാരായണൻ ആവശ്യപ്പെട്ടു.
കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന പൂർണമായി പുറത്തുകൊണ്ടുവരണമെന്നും കേസിൽ തുടരന്വേഷണം നടത്തണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേസിലെ ഒന്നാം പ്രതി പീതാംബരൻ, നാലാം പ്രതി അനിൽ, അഞ്ചാം പ്രതി ഗിജിൻ, ആറാം പ്രതി അശ്വൻ, പതിനഞ്ചാം പ്രതി വിഷ്ണു സുര (സുരേഷ്) എന്നിവർക്കാണ് 20 ദിവസത്തെ പരോൾ അനുവദിച്ചിരിക്കുന്നത്.
എൽഡിഎഫ് സർക്കാർ അധികാരം ഒഴിയുന്നതിന് തൊട്ടുമുമ്പാണ് പ്രതികൾക്ക് പരോൾ അനുവദിച്ചതെന്നാണ് വിവരം. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകൾ ഉൾപ്പെടുന്ന ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്ന കർശന നിബന്ധനയോടെയാണ് ഇവർക്ക് അനുമതി നൽകിയിരിക്കുന്നത്. നിലവിൽ പരോളിലുള്ള പ്രതികൾ കാസർകോട് ജില്ലയിൽ തുടരുകയാണ്.
2019 ഫെബ്രുവരി 17ന് കാസർകോട് പെരിയ കല്യോട്ടിൽ വച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും ക്രൂരമായി കൊല്ലപ്പെട്ടത്. കേസിൽ പ്രതികളായ സിപിഎം പ്രവർത്തകർക്ക് സിബിഐ പ്രത്യേക കോടതി ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു.
ഇതിന് മുൻപും കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായിരുന്നു. പുതിയ തീരുമാനം വീണ്ടും രാഷ്ട്രീയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.




