
പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടം നേതൃത്വം നല്കുന്ന ഭരണസമിതിക്ക് യുഡിഎഫ് നല്കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു. തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ അടിയന്തര മണ്ഡലം കമ്മിറ്റി യോഗം ചേര്‍ന്ന് പ്രമേയം പാസാക്കിയാണ് തീരുമാനമെടുത്തത്. കെപിസിസി അധ്യക്ഷനെ തീരുമാനം അറിയിച്ചെന്ന് കൗണ്‍സിലേഴ്സ് പറഞ്ഞു.
കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതോടെ പാലാ നഗരസഭയില്‍ കടുത്ത ഭരണപ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്. യുഡിഎഫ് പിന്തുണ പിന്‍വലിച്ചേക്കുമെന്ന് കഴിഞ്ഞ ദിവസം തന്നെ സൂചന വന്നിരുന്നുവെങ്കിലും ഇന്ന് ഔദ്യോഗിക പ്രഖ്യാപനം നടക്കുകയായിരുന്നു. ഡിവൈഎഫ്ഐക്ക് സമ്മേളനം നടത്താന്‍ ബസ് സ്റ്റാന്‍ഡ് അനുവദിച്ചതിലെ തര്‍ക്കമാണ് മുമ്പ് തന്നെ അഭിപ്രായ ഭിന്നതകള്‍ നിലനിന്ന ഭരണസമിതിയില്‍ ഒരു പൊട്ടിത്തെറിയിലേക്ക് എത്തിയത്. ഭരണമല്ല ആത്മാഭിമാനമാണ് പ്രശ്നമെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ നിലപാടെടുക്കുകയായിരുന്നു.
എന്നാല്‍ തങ്ങള്‍ യുഡിഎഫുമായാണ് ധാരണയുണ്ടാക്കിയതെന്നും അവര്‍ നിലപാട് പറയട്ടേ എന്നുമായിരുന്നു പുളിക്കകണ്ടം കുടുംബത്തിന്റെ നിലപാട്. കോണ്‍ഗ്രസിന്റെ അടിയന്തര മണ്ഡലം കമ്മിറ്റി യോഗം ചേര്‍ന്ന് പ്രമേയം പാസാക്കി തീരുമാനമെടുക്കുകയായിരുന്നു. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രിയെയും രമേശ് ചെന്നിത്തലയെയും സണ്ണി ജോസഫിനെയും കണ്ടു ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നിര്‍ണായക തീരുമാനം.



