‘പ്രതിപക്ഷത്ത് എതിർപ്പ്, ഭരണത്തിൽ അംഗീകാരം’; പി.എം. ശ്രീ വിഷയത്തിൽ യുഡിഎഫിനെതിരെ പിണറായി വിജയൻ

പിഎം ശ്രീ പദ്ധതി വിഷയത്തിൽ ഭരണം ലഭിച്ചതോടെ യുഡിഎഫ് പൂർണ്ണമായും നിലപാട് മാറ്റി മലക്കം മറിഞ്ഞുവെന്ന് പിണറായി വിജയൻ. എകെജി സെന്ററിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. പിഎം ശ്രീ പദ്ധതിയിലൂടെ ബിജെപി കാവിവത്കരണമാണ് ലക്ഷ്യമിടുന്നതെന്നും
എൽഡിഎഫ് സർക്കാർ ഒരിക്കലും ഇതിന് വഴങ്ങിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുൻപ് എൽഡിഎഫ് ഒപ്പിട്ട എംഒയു ഈ പദ്ധതി നടപ്പിലാക്കാനായിരുന്നില്ലെന്നും തടഞ്ഞുവെച്ച മറ്റ് ഫണ്ടുകൾ ലഭ്യമാക്കുന്നതിനായിരുന്നുവെന്നും, പിന്നീട് അത് മരവിപ്പിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുഡിഎഫ് പ്രതിപക്ഷത്തായിരുന്നപ്പോൾ പിഎം ശ്രീ പദ്ധതിയെ ശക്തമായി എതിർത്തിരുന്നെങ്കിലും അധികാരത്തിൽ വന്നതോടെ നിലപാട് മാറ്റുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. മുന്നണി യോഗത്തിൽ പദ്ധതി അംഗീകരിക്കുകയും നയപരമായ തീരുമാനമായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതിലൂടെ ജനങ്ങളെയും സ്വന്തം അണികളെയും യുഡിഎഫ് വഞ്ചിക്കുകയാണെന്ന് പിണറായി വിജയൻ പറഞ്ഞു.
പിഎം ശ്രീ പദ്ധതി തുക കൈപ്പറ്റിയെന്ന പ്രചാരണം തെറ്റാണെന്ന് വിദ്യാഭ്യാസ മന്ത്രിക്ക് തന്നെ സമ്മതിക്കേണ്ടി വന്നുവെന്നും, പദ്ധതിയിൽ നിന്ന് പിന്മാറാൻ തടസ്സമില്ലെന്ന് കേന്ദ്ര സർക്കാർ രാജ്യസഭയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് നേതൃത്വം നൽകുന്ന സർക്കാർ ചുരുങ്ങിയ കാലം കൊണ്ട് സംഘപരിവാർ അജണ്ടകൾക്ക് കീഴ്‌പ്പെട്ടിരിക്കുകയാണെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി.
സ്വന്തം പ്രവർത്തകരെ പിന്നിൽ നിന്ന് കുത്തുന്ന ഇത്തരം നിലപാടുകളെ സംഘപരിവാറിന് ഒറ്റിക്കൊടുക്കുന്ന ‘ബ്ലഡ് മണി’ എന്ന് വിളിച്ചാലും തെറ്റില്ല. വഖഫ് വിഷയത്തിലും ഇതേ ആർഎസ്എസ് വിധേയത്വമാണ് കാണുന്നതെന്നും, മുസ്ലിം ലീഗ് ഇതിനെ ന്യായീകരിക്കാൻ ശ്രമിക്കുകയാണെന്നും ആരോപിച്ച അദ്ദേഹം, ജനങ്ങളോട് കാര്യങ്ങൾ തുറന്നുപറഞ്ഞ് യുഡിഎഫ് മാപ്പുപറയണമെന്നും ആവശ്യപ്പെട്ടു




