News

അമിത് ഷായെ കരിങ്കൊടി കാണിച്ച വീഡിയോ പിൻവലിച്ചത് മുഖ്യമന്ത്രി പറഞ്ഞിട്ടല്ല, വിശദീകരണവുമായി ഒ ജെ ജനീഷ്

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടല്ലെന്ന് മന്ത്രി ഒ.ജെ. ജനീഷ്. ഇത് സംബന്ധിച്ച പ്രചരിക്കുന്ന മാദ്ധ്യമ വാർത്തകൾ വസ്തുതയ്ക്ക് നിരക്കാത്തതാണെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരിച്ചു.

പോസ്റ്റ് പിൻവലിച്ചത് മുഖ്യമന്ത്രി ആവശ്യപ്പെട്ടത് പ്രകാരമല്ല. എന്റെ സോഷ്യൽ മീഡിയ അഡ്മിൻ പാനലാണ് ആ പോസ്റ്റിട്ടത്. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എന്ന നിലയിലാണ് എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതെങ്കിലും സംസ്ഥാന മന്ത്രിയുടെ പേരിൽ പോസ്റ്റ് പ്രചരിക്കുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയേക്കാമെന്നതിനാൽ ഒഴിവാക്കാൻ ഓഫീസ് നിർദേശിക്കുകയായിരുന്നു എന്ന് ജനീഷ് വ്യക്തമാക്കി.പോസ്റ്റ് പിൻവലിച്ചത് ഞാൻ പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിനിടെ ആയിരുന്നതിനാൽ ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.

കേന്ദ്രമന്ത്രിയെ കരിങ്കൊടി കാണിച്ച സമരം യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കമ്മിറ്റിയുടെ പൊതുതീരുമാനം അനുസരിച്ച് ആയിരുന്നു. തെറ്റിദ്ധാരണ പടർത്തുന്ന വാർത്തകളിൽ നിന്നും മാദ്ധ്യമങ്ങൾ പിന്മാറണം എന്നും മന്ത്രി അഭ്യർത്ഥിച്ചു. അമിത് ഷായെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചതിന്റെ പേരിൽ കേരളത്തിലെ മന്ത്രിമാരെ കരിങ്കൊടി കാണിക്കുന്ന യുവമോർച്ചയുടെ നടപടി രാഷ്ട്രീയ പാപ്പരത്തമാണ്. പോസ്റ്റ് പിൻവലിച്ചതിന്റെ പേരിൽ എന്നെ വിമർശിക്കുന്ന സി പി എം- ഡി വൈ എഫ് ഐ ക്കാർ കേരളത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി വന്നതും പോയതും അറിയാതെ ഉറക്കത്തിൽ ആയിരുന്നു എന്നും ജനീഷ് പരിഹസിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button