പിഎസ്സിയിൽ അഴിച്ചുപണിയില്ല! അംഗങ്ങളുടെ ആനുകൂല്യങ്ങളും കുറയ്ക്കില്ല; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

സംസ്ഥാന പിഎസ്സിയുടെ ഘടനയിലോ അംഗങ്ങളുടെ എണ്ണത്തിലോ നിലവിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയെ അറിയിച്ചു. പിഎസ്സി അംഗങ്ങളുടെ എണ്ണമോ അവരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളോ കുറയ്ക്കുന്നത് സർക്കാരിന്റെ പരിഗണനയിലില്ലെന്ന് സഭയിൽ നൽകിയ രേഖാമൂലമുള്ള മറുപടിയിൽ മുഖ്യമന്ത്രി വ്യക്തമാക്കി. മുഴുവൻ സമയ രാഷ്ട്രീയക്കാർ പിഎസ്സി അംഗങ്ങളാകുന്നത് തടയേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പിഎസ്സി പരീക്ഷകളിലെ ക്രമക്കേടുകളും, പിഎസ്സി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് മുൻ ഗവർണർ രാജേന്ദ്ര അർലേക്കർ രാഷ്ട്രപതിക്ക് നൽകിയ ശുപാർശയും വലിയ വിവാദമായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി സർക്കാർ നിലപാട് വ്യക്തമാക്കിയത്.
പിഎസ്സി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഇതുവരെ 180 പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി സഭയിൽ വെളിപ്പെടുത്തി. ഇതിൽ മൂന്ന് പരാതികളിൽ ക്രൈംബ്രാഞ്ച് അന്വേഷണവും, അഞ്ച് പരാതികളിൽ പിഎസ്സി ആഭ്യന്തര വിജിലൻസ് അന്വേഷണവും പുരോഗമിക്കുകയാണ്. ക്രമക്കേടുകളിൽ പിഎസ്സി ചെയർമാന്റെയോ അംഗങ്ങളുടെയോ പങ്കിനെക്കുറിച്ചും കൃത്യമായ അന്വേഷണം നടത്തുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.
അതേസമയം, പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് മൂന്ന് പുതിയ കേസുകൾ കൂടി ഉടൻ രജിസ്റ്റർ ചെയ്യും. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, വില്ലേജ് ഓയിൽ ഇൻസ്പെക്ടർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എന്നീ തസ്തികകളിലേക്ക് നടത്തിയ പരീക്ഷകളിലാണ് വൻ ക്രമക്കേടുകൾ കണ്ടെത്തിയിരിക്കുന്നത്. വിഷയം ഹൈക്കോടതി കടുപ്പിച്ചതോടെ അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കാനാണ് പിഎസ്സിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകാൻ പിഎസ്സി അംഗങ്ങൾ തയ്യാറായേക്കും.
അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പരീക്ഷയിൽ പ്രമുഖ പിഎസ്സി കോച്ചിംഗ് സെന്റർ തയ്യാറാക്കിയ ചോദ്യങ്ങൾ അതേപടി ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയതായി പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പരീക്ഷയുടെ റാങ്ക് ലിസ്റ്റിൽ ആദ്യ നൂറിനുള്ളിൽ ഉൾപ്പെട്ടവരെല്ലാം ഫിഷറീസ് സർവ്വകലാശാലയിലെ വിദ്യാർത്ഥികളാണെന്നും, ചോദ്യപേപ്പർ തയ്യാറാക്കിയതും ഇന്റർവ്യൂ ബോർഡിൽ ഉണ്ടായിരുന്നതും ഇതേ സർവ്വകലാശാലയിലെ അധ്യാപകരാണെന്നും ആക്ഷേപമുണ്ട്. എസ്എഫ്ഐ പ്രവർത്തകർക്കും യൂണിയൻ നേതാക്കൾക്കുമായി വൻ ക്രമക്കേട് നടത്തിയെന്നാണ് മറ്റ് ഉദ്യോഗാർത്ഥികളുടെ പ്രധാന ആരോപണം.




