നെടുമ്പാശേരി വാഹനാപകടം; മൂന്നാം പ്രതി ജോയൽ ഹൈക്കോടതിയിൽ

നെടുമ്പാശേരി വാഹനാപകടക്കേസിൽ മൂന്നാം പ്രതി ജോയൽ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. നേരത്തെ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് നടപടി. കേസിൽ ഒന്നാം പ്രതി സുഹൈൽ ഉൾപ്പെടെയുള്ള മറ്റ് പ്രതികളും ഉടൻ തന്നെ ജാമ്യം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിവരം.
അതേസമയം, കേസിലെ പ്രതികൾക്ക് കനത്ത തിരിച്ചടിയാകുന്ന നിർണായക ശബ്ദരേഖ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു. കാർ സ്കൂട്ടറിലിടിച്ച് മൂന്നുപേർ മരിച്ച വിവരവും, അപകടത്തിന് ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ട കാര്യവും പ്രതി ജോയൽ തന്റെ സുഹൃത്തിന് വാട്സ്ആപ്പ് വഴി അയച്ച ശബ്ദസന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. ഒന്നാം പ്രതി സുഹൈൽ നന്നായി മദ്യപിച്ചാണ് വാഹനമോടിച്ചതെന്നും, നാട്ടുകാർ തടിച്ചുകൂടിയപ്പോൾ ‘പ്രശ്നമില്ല, വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ പറഞ്ഞതായും ജോയലിന്റെ ശബ്ദരേഖയിലുണ്ട്.
അപകടത്തിന് പിന്നാലെ അമീൻ, ജോയൽ എന്നിവരോട് ഉടൻ സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ സുഹൃത്ത് ഉപദേശിച്ചതായും, സുഹൈൽ ആദ്യം ഫോണിൽ വിളിച്ചത് സ്വന്തം പിതാവിനെയാണെന്നും പോലീസ് കോടതിയെ അറിയിച്ചു. വാഹനം സ്ഥിരമായി അമിത വേഗതയിൽ ഓടിച്ചിരുന്നതിന്റെ തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്.
പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും, അതിനാൽ ജാമ്യാപേക്ഷ തള്ളണമെന്നും പോലീസ് കോടതിയിൽ ശക്തമായി വാദിച്ചു. കേസിൽ ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ ശേഖരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.




