മേയർ കെയർ പദ്ധതിയിൽ വ്യാപക അഴിമതിയെന്ന് ആരോപണം; നിയമപരമായി മുന്നോട്ടുപോകുമെന്ന് കെ.എസ്. ശബരീനാഥൻ

തിരുവനന്തപുരം നഗരസഭയുടെ മേയർ കെയർ പദ്ധതിയിൽ വ്യാപക അഴിമതി നടന്നതായി യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ. കെ.എസ്. ശബരീനാഥൻ ആരോപിച്ചു. പദ്ധതിയുടെ പേരിൽ സമാഹരിച്ച തുകകളുടെയും ചെലവുകളുടെയും കണക്കുകൾ നഗരസഭാ കൗൺസിലിന് മുന്നിൽ അവതരിപ്പിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സ്കൂൾ തുറന്ന സമയത്ത് ജൂൺ മാസത്തിൽ 10,000 വിദ്യാർത്ഥികൾക്ക് മേയർ കെയർ പദ്ധതി പ്രകാരം കിറ്റ് നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും 4,000 പേർക്ക് മാത്രമാണ് കിറ്റ് നൽകിയതെന്ന് ശബരീനാഥൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വരവ്-ചെലവ് കണക്കുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, ഓണക്കിറ്റിന്റെ പേരിൽ തിരുവനന്തപുരം നഗരത്തിലെ ചെറുതും വലുതുമായ സ്ഥാപനങ്ങളിൽ നിന്ന് കോടിക്കണക്കിന് രൂപ സമാഹരിച്ചതായും ശബരീനാഥൻ ആരോപിച്ചു. ഈ തുക നഗരസഭയുടെ സ്വന്തം അക്കൗണ്ടിൽ വരാത്തതിനാൽ കണക്കുകൾ കൗൺസിലിൽ രേഖപ്പെടുത്തേണ്ട ആവശ്യമില്ലെന്ന നിലപാടാണ് മേയർ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മേയറുടെ നേതൃത്വത്തിൽ ഔദ്യോഗിക ലെറ്റർപാഡിൽ കത്തുകൾ നൽകി കോർപ്പറേഷൻ ഔദ്യോഗികമായി നടത്തുന്ന പദ്ധതിയാണെന്ന് കരുതിയാണ് സ്ഥാപനങ്ങൾ CSR ഫണ്ടായും മറ്റ് മാർഗങ്ങളിലൂടെയും സംഭാവനകൾ നൽകുന്നതെന്നും ശബരീനാഥൻ ആരോപിച്ചു.
എന്നാൽ ഇതുമായി ബന്ധപ്പെട്ട രേഖകൾ കൗൺസിലിന് മുന്നിൽ സമർപ്പിക്കുന്നില്ലെന്നും കണക്കുകൾ ആവശ്യപ്പെട്ടപ്പോൾ അവ കാണിക്കാൻ സൗകര്യമില്ലെന്ന നിലപാടാണ് മേയർ സ്വീകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാവപ്പെട്ടവരെ സഹായിക്കുന്നതിനെ യു.ഡി.എഫ് എതിർക്കുന്നില്ലെന്നും, എന്നാൽ സഹായപദ്ധതിയുടെ പേരിൽ വ്യവസ്ഥാപിതമായ അഴിമതി നടന്നിട്ടുണ്ടെങ്കിൽ അത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും ശബരീനാഥൻ വ്യക്തമാക്കി. വിഷയത്തിൽ നിയമപരമായി തന്നെ മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.




