മാസപ്പടി കേസ്: ‘സിഎംആർഎല്ലും വീണയും തമ്മിലുണ്ടായത് നിയമപരമായ ഇടപാട്’; മാസപ്പടി വാങ്ങിയെന്ന് ചിത്രീകരിക്കാൻ ബോധപൂർവ ശ്രമമെന്ന് മുഹമ്മദ് റിയാസ്

കോഴിക്കോട്: മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിൽ പ്രതികരിച്ച് മുഹമ്മദ് റിയാസ് എംഎൽഎ. സിഎംആർഎല്ലും വീണയും തമ്മിലുള്ളത് നിയമപരമായ പണമിടപാട് ആണെന്നും വീണയിൽ നിന്ന് സേവനം കിട്ടിയിട്ടില്ല എന്ന് സിഎംആർഎൽ എംഡിയോ ഉദ്യോഗസ്ഥരോ മൊഴി നൽകിയിട്ടില്ലെന്നും മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മാസപ്പടി വാങ്ങിയെന്ന് ചിത്രീകരിക്കാൻ ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹസൻ വാരിസിനെ ഇഡി ഭീഷണിപ്പെടുത്തിയെന്ന സത്യവാങ്മൂലത്തിലും മുഹമ്മദ് റിയാസ് പ്രതികരിച്ചു. തൻ്റെ സുഹൃത്തിൻ്റെ വീട്ടിൽ റെയ്ഡ് നടത്തിയിട്ട് ഒന്നും കിട്ടാതെ വന്നപ്പോൾ ഇത് പിണറായി വിജയൻ്റെ ഏർപ്പാടാണ് എന്ന് പറയണമെന്ന് ഇഡി ആവശ്യപ്പെട്ടുവെന്ന് റിയാസ് ആരോപിച്ചു. വിസമ്മതിച്ചപ്പോൾ വീണയുടെ പേര് പറയാൻ ആവശ്യപ്പെട്ടു. തുടർന്ന് ഹസൻ വാരിസിൻ്റെ മകളെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്നാണ് തൻ്റെ പേര് വാരിസിന് പറയേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രായമായ പിതാവിനെ മർദിക്കുമെന്ന് ഉൾപ്പെടെ ഇഡി റെയ്‌ഡ് നടന്ന സമയത്ത് ഭീഷണി ഉണ്ടായെന്നും വീണ കൊടുക്കാത്ത മൊഴി കൊടുത്തു എന്ന് പറയുന്നുവെന്നും റിയാസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പാർട്ടിയിലും സർക്കാരിലും താൻ വഹിച്ച ഓരോ ചുമതലകളും തൻ്റെ തെരഞ്ഞെടുപ്പ് ആയിരുന്നില്ല, മറിച്ച് പാർട്ടിയുടെ നിർദേശം ആയിരുന്നു. തനിക്കെതിരായ ഇഡി അന്വേഷണം ഗൗരവമുള്ളതാണ് എങ്കിൽ രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും കർണാടക കോൺഗ്രസ് നേതാക്കൾക്കുമെതിരായ ഇഡി അന്വേഷണവും ഗൗരവതരമാണോ എന്ന് സതീശൻ വ്യക്തമാക്കണമെന്നും റിയാസ് ആവശ്യപ്പെട്ടു.




