News

നാഷണൽ ക്രഷിന്റെ സ്ഥാനത്ത് ഇനി പുതിയൊരാൾ; ഇത് മേജർ നവ്യ ശെഖാവത്ത്, രാഷ്ട്രപതിയുടെ എഡിസി

ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിൽ ശ്രദ്ധേയ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മേജർ നവ്യ ശെഖാവത്ത്. രാഷ്ട്രപതിയുടെ എഡിസി (എയ്ഡ്-ഡി-ക്യാമ്പ്)​ പദവിയിലെത്തുന്ന രണ്ടാമത്തെ വനിതാ ഉദ്യോഗസ്ഥയും ഇന്ത്യൻ ആർമിയിൽ നിന്ന് ഈ ചുമതലയിലെത്തുന്ന ആദ്യ വനിതയുമാണ് ഇവർ. 2021-ൽ സൈന്യത്തിൽ കമ്മിഷൻ നേടിയ അവർ വെറും അഞ്ച് വർഷത്തിനുള്ളിലാണ് രാഷ്ട്രപതിയുടെ എഡിസിയായി ചുമതലയേറ്റത്.

രാഷ്ട്രപതി ഭവനിലെ ഔദ്യോഗിക ചടങ്ങുകളിലും പരിപാടികളിലും രാഷ്ട്രപതിക്കൊപ്പമുണ്ടാകുന്നതിന് പുറമെ നിരവധി ഔദ്യോഗിക ചുമതലകളും എഡിസിമാർ നിർവഹിക്കേണ്ടതുണ്ട്. മുതിർന്ന സൈനിക, സിവിൽ ഉദ്യോഗസ്ഥരുമായി ഏകോപനം നടത്തുക, ഔദ്യോഗിക പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, വിവിധ ദേശീയ ചടങ്ങുകളിലും ഗാർഡ് ഓഫ് ഓണർ പോലുള്ള പരിപാടികളിലും പങ്കെടുക്കുക തുടങ്ങിയ ഉത്തരവാദിത്തങ്ങളും എഡിസിക്കുണ്ട്.

രാഷ്ട്രപതിക്ക് സാധാരണയായി അഞ്ച് എഡിസിമാരാണുള്ളത്. കരസേനയിൽ നിന്ന് മൂന്ന് പേരും നാവികസേനയിൽ നിന്നും വ്യോമസേനയിൽ നിന്നും ഓരോ ഉദ്യോഗസ്ഥരുമാണ് ഈ സംഘത്തിലുണ്ടാകുന്നത്. രാഷ്ട്രപതിയുടെ ഔദ്യോഗിക പരിപാടികളിൽ ആവശ്യമായ സഹായം നൽകുന്നതിനൊപ്പം സൈനികവും ആചാരപരവുമായ നടപടിക്രമങ്ങൾ കൃത്യമായി പാലിക്കുന്നതിലും ഇവർ പ്രധാന പങ്കുവഹിക്കുന്നു.

രാജസ്ഥാനിലെ സിക്കാർ ജില്ലയിലുള്ള കെർപുര സ്വദേശിയായ നവ്യ ശെഖാവത്ത് യൂണിയൻ പബ്ളിക് സർവീസ് കമ്മിഷൻ നടത്തുന്ന കമ്പൈൻഡ് ഡിഫൻസ് സർവീസസ് (സിഡിഎസ്) പരീക്ഷയിലൂടെയാണ് സൈനിക ജീവിതത്തിലേക്ക് എത്തിയത്. ഷോർട്ട് സർവീസ് കമ്മിഷൻ വിമൻ നോൺ-ടെക്നിക്കൽ കോഴ്സിന്റെ മെറിറ്റ് പട്ടികയിൽ ഇടം നേടിയതിനെത്തുടർന്ന് അവർ ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കി. പിന്നാലെ 2021ൽ ആർമി സർവീസ് കോർപ്സിൽ കമ്മിഷൻ ലഭിച്ചു.

ഏതാനും വർഷങ്ങൾക്കുള്ളിൽ മേജർ പദവിയിലെത്തിയ അവർ 2026ൽ രാഷ്ട്രപതിയുടെ എഡിസിയായി ചുമതലയേൽക്കുകയായരുന്നു.രാഷ്ട്രപതിയുടെ എഡിസിയായി ചുമതലയേൽക്കുന്ന രണ്ടാമത്തെ വനിതാ ഓഫീസറാണ് നവ്യ ശെഖാവത്ത്. 2025ൽ നാവികസേനയിലെ ലെഫ്റ്റനന്റ് കമാൻഡർ യശസ്വി സോളങ്കിയാണ് ഈ പദവിയിലെത്തിയ ആദ്യ വനിത. എന്നാൽ ഇന്ത്യൻ ആർമിയിൽ നിന്ന് രാഷ്ട്രപതിയുടെ എഡിസിയാകുന്ന ആദ്യ വനിതാ ഓഫീസർ എന്ന നേട്ടം നവ്യയ്ക്ക് സ്വന്തമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button