KeralaNews

ആറളത്ത് ജനവാസമേഖലയിൽ ഭീതി പടർത്തി മോഴയാന; മയക്കുവെടി ദൗത്യം ഇന്ന് മുതൽ

കണ്ണൂർ ആറളത്ത് ജനവാസമേഖലയിൽ തുടർച്ചയായി ഭീഷണി സൃഷ്ടിക്കുന്ന കെഎം1 മോഴയാനയെ പിടികൂടാനുള്ള ദൗത്യം ഇന്ന് തുടങ്ങും. പുത്തങ്ങ, വിക്രം, ഭരത് എന്നീ കുങ്കിയാനകളെ ആറളത്ത് എത്തിച്ചിട്ടുണ്ട്. വയനാട്ടിൽനിന്ന് ഉണ്ണികൃഷ്ണൻ എന്ന കുങ്കിയാനയെയും ഉടൻ എത്തിക്കും. നിലവിൽ ആന ഉൾവനത്തിലാണ്. ആനയെ ലൊക്കേറ്റ് ചെയ്യുന്നതിനായി വനംവകുപ്പ് ഉദ്യോഗസ്ഥർ ഇന്ന് തിരച്ചിൽ നടത്തും. ജനവാസമേഖലയ്ക്ക് സമീപത്തേക്ക് ആനയെ എത്തിച്ച ശേഷമായിരിക്കും മയക്കുവെടി വെക്കുക. തുടർന്ന് ആനയെ പിടികൂടി സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കാനാണ് പദ്ധതി.

ആനയെ പിടികൂടിയ ശേഷം പാർപ്പിക്കാനുള്ള ആനക്കൊട്ടിലിന്റെ നിർമാണം വൈകിയതാണ് ദൗത്യം ആരംഭിക്കാൻ താമസമുണ്ടാകാൻ കാരണമായത്. ആറളം നിവാസികളുടെ പ്രതിഷേധത്തെ തുടർന്നാണ് ‘ഓപ്പറേഷൻ മഖ്ന’ എന്ന പേരിൽ ആനയെ പിടികൂടാനുള്ള നടപടികളിലേക്ക് വനംവകുപ്പ് കടന്നത്. കെഎം1 അപകടകാരിയായ ആനയാണെന്നും ജനവാസമേഖലയിൽ ആവർത്തിച്ച് എത്തുന്നതായും വനംവകുപ്പ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

കോങ്ങാട് മണ്ണൂർ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ പുലിയെപ്പോലുള്ള ജീവിയെ കണ്ടതായി നാട്ടുകാർ. യാക്കര ക്ഷേത്രത്തിന് സമീപത്തെ പ്രദേശത്താണ് ഇന്നലെ രാത്രി ഒമ്പതിന് ശേഷം സംഭവം റിപ്പോർട്ട് ചെയ്തത്. വീടിന് പിന്നിൽ പുലിയെപ്പോലെ തോന്നിക്കുന്ന ജീവിയെ കണ്ടതായി അതിരുദ്ധ് മോൻ അറിയിച്ചതിനെ തുടർന്ന് ഒലവക്കോട് ഫോറസ്റ്റ് റേഞ്ചിലെ ആർ.ആർ.ടി സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മഴയായിരുന്നതിനാൽ പ്രദേശത്തെ കാൽപ്പാടുകൾ വ്യക്തമായി കണ്ടെത്താനായില്ല.

തുടർന്ന് സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. പഞ്ചായത്ത് പ്രസിഡന്റിന്റെയും വാർഡ് മെമ്പറുടെയും സാന്നിധ്യത്തിൽ നാളെ ഡ്രോൺ ഉപയോഗിച്ച് പ്രദേശത്ത് നിരീക്ഷണം നടത്തുമെന്ന് ആർ.ആർ.ടി സംഘം അറിയിച്ചു. പ്രദേശത്തെ വീടുകളിൽനിന്ന് കോഴി, ആട്, നായ തുടങ്ങിയ വളർത്തുമൃഗങ്ങളെ കാണാതാകുന്നുണ്ടോ എന്നതും ശ്രദ്ധിക്കണമെന്ന് വനംവകുപ്പ് നാട്ടുകാർക്ക് നിർദേശം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button