
കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾക്കെതിരെ ആഞ്ഞടിച്ച് കെ മുരളീധരൻ. സിംഗിൾ ഡാൻസ് കളിക്കാൻ ആരും ശ്രമിക്കേണ്ടെന്നും വെറുതെ ജനങ്ങളെ കൊണ്ട് മോശം അഭിപ്രായം പറയിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കാൻ പാർട്ടിക്കുള്ളിൽ നടപടി ക്രമങ്ങളുണ്ട്. അതിന് മുൻപ് ഏതെങ്കിലും വ്യക്തികളെ ഉയർത്തിക്കാട്ടുന്ന രീതി ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
”രാഹുൽ ഗാന്ധി മുൻപ് പറഞ്ഞ ഒരു കാര്യമുണ്ട്. സംഘനൃത്തം ചെയ്യുന്നതിനിടയിൽ ഒരാൾ ഒറ്റക്ക് ഡാൻസ് കളിച്ചാൽ ശരിയാകില്ല. അത് ഞാൻ ഓർമിപ്പിക്കുകയാണ്. ഇപ്പോൾ ഒച്ച വെച്ചിട്ട് പ്രത്യേകിച്ച് ഒരു കാര്യവുമില്ല. വേണ്ട കാര്യങ്ങൾ വേണ്ട സമയത്ത് നടക്കും” കെ മുരളീധരന്‍ പറഞ്ഞു.
ഏതെങ്കിലും ഒരു നേതാവിനെയും അനുകൂലിച്ചു കൊണ്ട് ഇപ്പോൾ രംഗത്ത് വരുന്നത് ശരിയല്ല. നാലാം തീയതി വൈകിട്ട് റിസൾട്ട് വരുന്ന വരെ കാത്തിരിക്കണം. പാർലമെന്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കാൻ പാർട്ടിക്കുള്ളിൽ നടപടി ക്രമങ്ങളുണ്ട്. ബാക്കി തീരുമാനങ്ങൾ ഹൈക്കമാൻഡ് പറയും. അതിന് ഇപ്പോഴേ ബഹളം വെക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
”മുഖ്യമന്ത്രി സ്ഥനത്തേക്ക് ഒരു നേതാവിന്റെയും പേര് ഇപ്പോൾ പരിഗണനയിൽ ഇല്ല. ടീം യു ഡി എഫ് ആയിട്ടാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ലീഗിന് ഇത്തവണ 22 സീറ്റ് വരെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. അപ്പോൾ ഈ വിജയത്തിന് അവർക്കും പങ്കുണ്ട്. അത് കൊണ്ട് കാര്യങ്ങൾ പിന്നിട് തീരുമാനിക്കും” കെ മുരളീധരൻ പറഞ്ഞു. അനാവശ്യമായ ഇത്തരം ചർച്ചകൾ ഒഴിവാക്കണം. വെറുതെ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കരുത് എന്നും അദ്ദേഹം വ്യക്തമാക്കി.




