ആർഎസ്എസ് വേദിയിൽ വീണ്ടും കേരള വിസി; ‘വന്ദേമാതരത്തെ എതിർക്കുന്നവർ അമ്മയാരാണെന്ന് അറിയാത്തവർ’

തിരുവനന്തപുരം: ആർഎസ്എസ് വേദിയിൽ വീണ്ടും കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മൽ. ആർഎസ്എസ് തിരുവനന്തപുരം മണിവിളയിൽ സംഘടിപ്പിച്ച ‘സങ്കൽപ് 2026 യുവസംഗമം’ എന്ന പരിപാടിയിലാണ് മോഹനൻ കുന്നുമ്മൽ പങ്കെടുത്തത്.
വന്ദേമാതരം പാടുന്നതിനെ എതിർക്കുന്നവരെ വേദിയിൽ മോഹനൻ കുന്നുമ്മൽ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്തു. അമ്മയാരെന്ന് അറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നവർ. അമ്മ എന്താണെന്ന് അറിയുന്ന ആളുകൾ വന്ദേമാതരം എന്ന് എപ്പോഴും പറയുമെന്നും മോഹനൻ കുന്നുമ്മൽ പറഞ്ഞു. പരിപാടി ഉദ്ഘാടനം ചെയ്ത വിസി വേദിയിലെ ഭാരതാംബയ്ക്ക് മുന്നിലെ ദീപം കൊളുത്തുകയും ചെയ്തു. ആളുകൾ മാറിക്കൊണ്ടിരിക്കുകയാണ്. ആ മാറ്റം നമ്മുടെ നാട്ടിലും ഉണ്ടാകുമെന്നും മോഹനൻ കുന്നുമ്മൽ പറഞ്ഞു.
ഭാരതീയനെ സംബന്ധിച്ചിടത്തോളം ഭാരതം അമ്മയാണെന്നും അതുകൊണ്ടാണ് നാം ഭാരതാംബ എന്ന് വിളിക്കുന്നതും വന്ദേമാതരം ചൊല്ലുന്നതും എന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ ആഹ്വാനം അനുസരിച്ച് നമ്മുടെ ഭാരതം വികസിത രാജ്യം ആകാൻ പോകുന്നു എന്നും അദ്ദേഹം പ്രതികരിച്ചു. വിവിധ മത്സര വിജയികളായ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. വിവിധ കലാപരിപാടികൾക്ക് പുറമെ 150 വിദ്യാർത്ഥികളെ അണിനിരത്തിക്കൊണ്ട് വന്ദേമാതരവും വേദിയിൽ ആലപിച്ചു.




