News

കൊലവിളി പ്രസംഗത്തിൽ നടപടി; ടി.എ. മധുസൂദനനെതിരെ കേസെടുക്കാൻ ആഭ്യന്തര മന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: ധനരാജ് വധക്കേസിലെ കോടതി വിധിക്ക് പിന്നാലെ നടത്തിയ കൊലവിളി പ്രസംഗത്തിൽ സിപിഎം നേതാവും മുൻ എംഎൽഎയുമായ ടി എ മധുസൂദനനെതിരെ കേസെടുക്കാൻ നിർദേശം. പയ്യന്നൂരിൽ കൊല്ലപ്പെട്ട കെഎസ്‌യു പ്രവർത്തകനായ സജിത് ലാലിന്റെ സഹോദരൻ അജിത് ലാലിന്റെ പരാതിയിലാണ് കേസെടുക്കാൻ ആഭ്യന്തര മന്ത്രി നിർദേശം നൽകിയിരിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കാണ് നിർദേശം നൽകിയത്.

എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുന്നോടിയായി പരാതിയിൽ പരിശോധന നടത്തുകയാണ് പൊലീസ്. പ്രസംഗത്തിന്റെദൃശ്യങ്ങളടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. പയ്യന്നൂരിൽ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മധുസൂദനന്റെ കൊലവിളി പ്രസംഗം.’സോഷ്യൽ മീഡിയയിൽ പാർട്ടിയെ അധിക്ഷേപിക്കുന്നവർക്ക് കിട്ടേണ്ടത് കിട്ടിയിട്ടുണ്ടാകും. തെരുവിലിറങ്ങിയാൽ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരും.

കണക്ക് പറയേണ്ടത് പാർട്ടി പറഞ്ഞുതന്നെ തീർക്കും. അതിനൊന്നും പാർട്ടിക്ക് മടിയില്ല. ചീമേനിയിൽ അഞ്ചുപേരെ ചുട്ടുകൊന്ന കേസിൽ പ്രതികളെ കോടതി വെറുതെ വിട്ടു. എന്നാൽ അവരാരും ഇന്ന് ജീവനോടെയില്ല. ധനരാജ് കൊല്ലപ്പെട്ടിട്ടില്ലെന്ന് കോടതി പറയാതിരുന്നത് ഭാഗ്യം.

ജഡ്‌ജിക്ക് തണുപ്പിലിരുന്ന് കവിതകൾ ഉദ്ധരിക്കാം. ഇടതുപക്ഷത്തിന്റെ പോരാട്ടവീര്യത്തെ തടവും ശിക്ഷയുംകൊണ്ട് ഇല്ലാതാക്കാമെന്ന് കരുതി സങ്കൽപ്പത്തോണിയിൽ യാത്ര ചെയ്യാം’- എന്നായിരുന്നു മധുസൂദനൻ പ്രസംഗത്തിൽ പറഞ്ഞത്.കൊലവിളി നടത്തിയാൽ കയ്യുംകെട്ടി നോക്കിയിരിക്കുന്ന സർക്കാരല്ല കേരളത്തിലുള്ളതെന്ന് വിഷയത്തിൽ മന്ത്രി കെ മുരളീധരൻ പ്രതികരിച്ചിരുന്നു. എന്തെങ്കിലും ട്രാക്ക് വിട്ട് സഞ്ചരിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button