News

കടുത്ത ചൂടും തിരക്കും, റാലിക്കെത്തിയ അനുയായികൾ കുഴഞ്ഞുവീണു, റോഡ് ഷോ റദ്ദാക്കി വിജയ്

ചെന്നൈ: കടുത്ത ചൂടും തിരക്കും കാരണം അനുയായികൾ കുഴഞ്ഞുവീണതിനെ തുടർന്ന് തിരുപ്പൂർ ജില്ലയിൽ തമിഴഗ വെട്രി കഴകം പ്രസിഡന്റ് വിജയ് നടത്താനിരുന്ന റാലി റദ്ദാക്കി. 13 സ്ത്രീകളടക്കം 15 പേർ ബോധരഹിതരായതിനെത്തുടർന്ന് ചൊവ്വാഴ്ച പോലീസിന്റെ ഉപദേശപ്രകാരം ആറ് കിലോമീറ്റർ റോഡ്ഷോ റദ്ദാക്കിയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. പ്രചാരണത്തിനായി രാവിലെ 10 മണി മുതൽ തന്നെ ജനക്കൂട്ടം വേദിയിൽ തടിച്ചുകൂടി. വൈകുന്നേരം 4 മണിക്ക് പൊതുജനങ്ങളെ അഭിസംബോധന ചെയ്യുമെന്ന് പ്രതീക്ഷിച്ചെങ്കിലും വിജയ് ഏകദേശം 4.45ന് സ്ഥലത്തെത്തി.

പ്രാദേശിക സന്നദ്ധ സംഘങ്ങളും പൊലീസും ചേർന്ന് പരിക്കേറ്റവരെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ എത്തിച്ചു. മിക്കവരുടെയും നില തൃപ്തികരമാണെന്ന് പൊലീസ് പറഞ്ഞു. ആൾക്കൂട്ടം നിയന്ത്രണാതീതമായതോടെ വിജയ് പ്രസംഗം നിർത്തിവച്ചു. കഴിഞ്ഞ വർഷം കരൂരിൽ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചിരുന്നു. പെരുമാനല്ലൂർ-തിരുപ്പൂർ പാതയിൽ അനുയായികളുടെ വൻ തിരക്ക് മൂലം ഗതാഗതം സ്തംഭിച്ചു. പിന്നീട് പൊലീസിന്റെ ഉപദേശപ്രകാരം റോഡ്ഷോ റദ്ദാക്കി. വിജയ് പിന്നീട് സേലം-കൊച്ചി ദേശീയപാത വഴി കോയമ്പത്തൂരിലേക്ക് പോയി.

തമിഴ്‌നാട്ടിൽ ഏപ്രിൽ 23 ന് ഒറ്റ ഘട്ടമായി വോട്ടെടുപ്പ് നടക്കും, മെയ് 4നാണ് വോട്ടെണ്ണൽ. ഡിഎംകെ നയിക്കുന്ന സെക്കുലർ പ്രോഗ്രസീവ് അലയൻസും എഐഎഡിഎംകെ നയിക്കുന്ന ബിജെപിയും പിഎംകെയും ഉൾപ്പെടുന്ന നാഷണൽ ഡെമോക്രാറ്റിക് അലയൻസും തമ്മിലാണ് പ്രധാന മത്സരം. നടനും രാഷ്ട്രീയക്കാരനുമായ വിജയ് ടിവികെയിലൂടെ തെരഞ്ഞെടുപ്പ് അരങ്ങേറ്റം കുറിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button