‘അന്ന് നിലവിളിച്ചയാളല്ലേ സജി ചെറിയാൻ’! രൂക്ഷവിമർശനവുമായി ജി. സുധാകരൻ

സജി ചെറിയാനും റെജി ചെറിയാനും രൂക്ഷമായ മറുപടിയുമായി ജി. സുധാകരൻ. 2018-ലെ പ്രളയകാലത്ത് നിലവിളിച്ച ആളാണ് സജി ചെറിയാനെന്നും വിനോദസഞ്ചാരികളായ രാഷ്ട്രീയക്കാർ തോട്ടപ്പള്ളിയിൽ വന്ന് പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്നും അദ്ദേഹം ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു. തോട്ടപ്പള്ളിയിൽ കാര്യങ്ങൾ ശരിയല്ലെങ്കിൽ ചെങ്ങന്നൂർ എം.എൽ.എ വന്നു ശരിയാക്കട്ടെയെന്നും, കുട്ടനാട്ടിൽ പുഴകളും തോടുകളും വൃത്തിയാക്കാത്തതാണ് നിലവിലെ പ്രശ്നങ്ങൾക്ക കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എ.സി റോഡിലെ വെള്ളക്കെട്ട് വിഷയത്തിലും സുധാകരൻ അന്വേഷണം ആവശ്യപ്പെട്ടു. താൻ മന്ത്രിയായിരിക്കെ ആയിരം കോടി രൂപ അനുവദിച്ച പദ്ധതിയിൽ നിന്ന് കഴിഞ്ഞ സർക്കാർ 350 കോടി രൂപ വെട്ടിക്കുറച്ചുവെന്നും, ഈ പണം എന്തിനാണ് മാറ്റിയതെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റോഡിൽ ഇപ്പോൾ അനുഭവപ്പെടുന്ന പ്രശ്നങ്ങൾക്ക് കാരണം പദ്ധതി ഫണ്ട് വെട്ടിക്കുറച്ചതാണെന്നും ജി. സുധാകരൻ വ്യക്തമാക്കി.




