News

ലാവ്‌ലിനിൽ രക്ഷപ്പെട്ടു, മാസപ്പടിയിൽ പ്രതിസന്ധിയോ? പ്രതിയായാൽ പ്രതിപക്ഷനേതൃസ്ഥാനം തുലാസിൽ

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഇ.ഡിയുടെ റിപ്പോർട്ട് കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ചേക്കും. സിപിഎമ്മും എൽഡിഎഫും ഈ വിഷയത്തെ എങ്ങനെ നേരിടുമെന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്. പിണറായിക്കെതിരെ കേസെടുത്താൽ പ്രതിപക്ഷനേതൃ സ്ഥാനം തുലാസിലാകും. തിരഞ്ഞെടുപ്പ് തോൽവിയിൽ നിന്ന് കരകയറാൻ പാർട്ടി തിരുത്തൽ നടപടികളുമായി മുന്നോട്ടുപോകുന്നതിനിടെയാണ് പുതിയ പ്രതിസന്ധി ഉടലെടുത്തത്.

മുമ്പ് ലാവ്ലിൻ കേസിൽ പ്രതിയായിരുന്നപ്പോൾ പിണറായി പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്നു. ജനപ്രതിനിധിയല്ലാത്തതിനാലും തിരഞ്ഞെടുക്കപ്പെട്ട പദവി അല്ലാത്തതിനാലും ആ സ്ഥാനത്ത് അദ്ദേഹം തുടർന്നു. രാഷ്ട്രീയ ശരികേടില്ലായിരുന്നു എന്നാണ് അന്ന് പാർട്ടി വിലയിരുത്തിയത്. എന്നാൽ ഇന്ന് പാർട്ടി ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.

പാർലമെന്ററി പദവി വഹിക്കുന്ന മുതിർന്ന നേതാവിനെതിരെ അഴിമതിക്കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്താൽ പ്രതിപക്ഷനേതാവ്, എംഎൽഎ തുടങ്ങിയ സ്ഥാനങ്ങൾ രാജിവയ്ക്കണമെന്ന ആവശ്യം ഉയരും. ഭരണപക്ഷത്തിൽ നിന്നുതന്നെ ഈ ആവശ്യം ഉയരുമെന്ന കാര്യത്തിൽ സംശയമില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിച്ച ക്യാപ്റ്റൻ, പ്രതിപക്ഷത്തെ നയിക്കുന്ന നേതാവ് എന്നീ പദവി വഹിക്കുന്ന ആൾതന്നെ അഴിമതിക്കേസിൽപ്പെട്ടാൽ ന്യായീകരിക്കാൻ പാർട്ടിക്ക് വലിയ കടമ്പകൾ കടക്കേണ്ടിവരും

സിപിഐ നിലപാട് നിർണായകം പ്രതിപക്ഷ ഉപനേതൃപദവി നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന സിപിഐ വിഷയത്തിൽ സ്വീകരിക്കുന്ന നിലപാട് നിർണായകമാകും. പരസ്യ പിന്തുണ നൽകിയാൽ എൽഡിഎഫിനുള്ളിൽ വലിയ പൊട്ടിത്തെറികൾ ഒഴിവാകും. എന്നാൽ സിപിഐ ഇടഞ്ഞാൽ മുന്നണിക്കുള്ളിൽ പുതിയ അസ്വാരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടേക്കാം. ഭരിക്കുന്ന കാലത്ത് സിപിഎം പിന്തുണച്ച വിഷയങ്ങളിൽ പരസ്യമായ എതിർപ്പുമായി സിപിഐ രംഗത്തെത്തിയിരുന്നു. അതുകൊണ്ട് തന്നെ സിപിഐ എന്ത് നിലപാട് സ്വീകരിക്കും എന്നതാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.

കർത്തയുടെ മൊഴി കുരുക്കായി മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും മകൾ വീണയെയും പ്രതിരോധത്തിലാക്കിയതിൽ ഒന്ന് സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്തയുടെ മൊഴിയാണ്. വീണ സി.എം.ആർ.എല്ലിന് യാതൊരു സേവനവും നൽകിയിട്ടില്ലെന്നും പിണറായിയുമായുള്ള അടുപ്പം കാരണമാണ് എക്സാലോജിക്കിന് കരാർ നൽകിയതെന്നുമാണ് ഇ.ഡിക്ക് നൽകിയ മൊഴി. 2024ലെ ചോദ്യം ചെയ്യലിലെ വെളിപ്പെടുത്തലാണിത്.

കർത്തയുടെ മൊഴി വീണ സ്ഥിരീകരിച്ചതായും, കോഴിക്കോട് ആസ്ഥാനമായ ലേക്കർ ഇന്ത്യ കോർപ്പ് എന്ന കമ്പനിയിലും വീണയ്ക്ക് പങ്കാളിത്തമുണ്ടെന്നും ഇ.ഡി പറയുന്നു. പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനായി അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് ഇ.ഡി നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. താൻ നേരിട്ട് സി.എം.ആർ.എല്ലിന് ഗൈഡൻസ് നൽകിയെന്നാണ് വീണ പറഞ്ഞിരുന്നത്. എന്നാൽ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞില്ല. 2017 മുതൽ 2020 വരെ 2.78 കോടി രൂപയാണ് വീണയ്ക്കും എക്സാലോജിക്കിനുമായി സി.എം.ആർ.എൽ നൽകിയത്.

2014-15ൽ നഷ്ടത്തിലായിരുന്ന എക്സാലോജിക് 2016ൽ പിണറായി മുഖ്യമന്ത്രിയായ ശേഷമാണ് കർത്തയുമായി കരാറിലേർപ്പെട്ടത്.വീണ വ്യാജരേഖകൾ നിർമ്മിച്ചത് സ്വന്തം ഐ ഫോണിലാണെന്ന് ഇ.ഡി പറയുന്നു. തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഫോണിന്റെ ശാസ്ത്രീയ പരിശോധനയിലാണ് വിവരങ്ങൾ ലഭിച്ചത്. നൽകാത്ത സേവനങ്ങൾക്കാണ് വ്യാജ ഇൻവോയ്സുകൾ. കരാർ വിവരങ്ങളും ഇമെയിൽ ഇടപാടുകളും ഐ ഫോണിലുണ്ടായിരുന്നു. നിർണ്ണായക വിവരങ്ങളുള്ള ഡയറിയും, കേസുമായി ബന്ധമുണ്ടെന്ന് കരുതുന്ന എ 4 കടലാസ് ഷീറ്റുകളും ഇ.ഡി പിടിച്ചെടുത്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button