News

‘ഇഡിക്ക് രാഷ്ട്രീയ ലക്ഷ്യം ; മാസപ്പടി കേസിൽ രൂക്ഷ വിമർശനവുമായി എം.എ. ബേബി

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന നടപടികൾക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. ഇഡിയെ പേടിച്ച് ബിജെപിയിൽ ചേരുന്ന നേതാക്കളുടെ പാർട്ടിയല്ല സിപിഎമ്മെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഇഡിയെ പേടിച്ച് ബിജെപിയിൽ ചേരില്ല. ഇഡിക്ക് പറ്റിയ വലിയൊരു അബദ്ധമാണ് സിപിഎമ്മിനെക്കുറിച്ചുള്ള ഈ ധാരണ.

ഇഡിയെ പേടിച്ച് ബിജെപിയിൽ ചേരുന്ന നേതാക്കളുടെ പാർട്ടിയല്ല സിപിഎം എന്നത് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഇനി കേരളത്തിൽനിന്ന് മനസിലാക്കാൻ പോകുകയാണെന്നും എംഎ ബേബി പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സിപിഎമ്മിന്റെ നേതൃത്വത്തെ ഇഡിയും മറ്റ് കേന്ദ്ര അന്വേഷണ ഏജൻസികളും ആക്രമിക്കുമ്പോൾ അതിൽ ആഹ്ലാദിക്കുകയും പിന്തുണ നൽകുകയും ചെയ്യുന്നത് കോൺഗ്രസ് നേതൃത്വത്തിന്റെ ഇരട്ടത്താപ്പാണ്.

കേരളത്തിലെ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ ഇത്തരം അനുചിതവും സംസ്‌കാരരഹിതവുമായ ഇരട്ടത്താപ്പിനെ എങ്ങനെയാണ് എഐസിസി നേതൃത്വം കാണുന്നതെന്ന് അറിയാനും താൽപ്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇഡി ഭാവനാപൂർവം കാര്യങ്ങൾ എഴുതി തയ്യാറാക്കുകയാണെന്നും എം.എ. ബേബി പരിഹസിച്ചു. ‘ഇനി ‘ഇഡി എഴുതുന്നതുപോലെ’ എന്ന് പറയേണ്ടിവരും. ഇഡി ഭാവനാപൂർവം ഓരോന്ന് എഴുതുന്നു.

എം.ടി. വാസുദേവൻ നായരും കെടി മുഹമ്മദ് അടക്കമുള്ളവരും എഴുതിയതിനെക്കുറിച്ച് പറയുന്നതുപോലെ ഇനി ‘ഇഡി എഴുതിയത് വായിച്ചിട്ടുണ്ടോ’ എന്ന് പറയേണ്ടിവരും.ഒരു എഴുത്തുകാരൻ ഭാവനാപൂർവം പലതും എഴുതി തയ്യാറാക്കാൻ ശേഷിയുള്ള പുതിയ പല വിഭാഗങ്ങളും നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നുണ്ട് എന്നതും ഓർത്തുകൊണ്ടാണ് ഞാൻ എന്റെ വാക്കുകൾ പറയുന്നത്,’

എം.എ. ബേബി പറഞ്ഞു. ഇഡി കുറ്റകൃത്യം ചെയ്യുന്നവരുടെ സംഘമായി മാറിയെന്നും അദ്ദേഹം ആരോപിച്ചു. മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി സ്വീകരിക്കുന്ന നടപടികളെയും അന്വേഷണത്തിന്റെ ഭാഗമായി പുറത്തുവരുന്ന വിവരങ്ങളെയും വിമർശിച്ചായിരുന്നു എംഎ ബേബിയുടെ പ്രതികരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button