തൊണ്ടിമുതലോടെ പിടിക്കപ്പെട്ട കള്ളനെപ്പോലെയാണ് റിയാസിന്റെ പ്രതികരണം; മുഹമ്മദ് റിയാസിനെതിരെ മാത്യു കുഴൽനാടൻ

തിരുവനന്തപുരം: സി.എം.ആർ.എൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഹമ്മദ് റിയാസിനെതിരെ രൂക്ഷ വിമർശനവുമായി മാത്യു കുഴൽനാടൻ എം.എൽ.എ. തൊണ്ടിമുതലോടെ പിടിക്കപ്പെട്ട കള്ളൻ സിംപതി കിട്ടാൻ വേണ്ടി സംസാരിക്കുന്നതുപോലെയാണ് റിയാസിന്റെ പ്രതികരണമെന്ന് മാത്യു കുഴൽനാടൻ കുറ്റപ്പെടുത്തി. റിയാസ് പറയുന്നത് വാസ്തവവിരുദ്ധമായ കാര്യങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.
പിണറായി വിജയന്റെ മകളും റിയാസിന്റെ ഭാര്യയുമായ വീണ കോടിക്കണക്കിന് രൂപ വിദേശത്തേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് റിയാസ് ആദ്യം മറുപടി പറയട്ടെയെന്ന് മാത്യു കുഴൽനാടൻ വെല്ലുവിളിച്ചു. വീണ ഒരു സേവനവും നൽകിയിട്ടില്ലെന്ന കരിമണൽ കമ്പനി ഉടമ കർത്തയുടെ മൊഴി റിയാസിന് നൽകാൻ താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തോടെ നടത്തിയ കൊള്ളയുടെ തെളിവുകൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നും റിയാസ് ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി.എം.ആർ.എൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെയും വീണയുടെയും പേര് പറയാൻ ഇ.ഡി സുഹൃത്തിനെ ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി മുഹമ്മദ് റിയാസ് നേരത്തെ രംഗത്തുവന്നിരുന്നു. സുഹൃത്ത് ഹസ്സൻ വാരിസിനെ ചോദ്യം ചെയ്തതിനെതിരെയായിരുന്നു റിയാസിന്റെ പ്രതികരണം. എക്സാലോജിക് സേവനം നൽകിയിട്ടില്ലെന്ന തരത്തിൽ സി.എം.ആർ.എൽ എം.ഡിയുടെ മൊഴി പുറത്തുവന്നത് വ്യാജമാണെന്നും റിയാസ് വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയായാണ് മാത്യു കുഴൽനാടന്റെ പുതിയ വെളിപ്പെടുത്തലുകൾ.




