News

ശരണമന്ത്രങ്ങൾ ഉണർന്നു; മണ്ഡല – മകരവിളക്ക് പൂജകൾക്കായി ശബരിമല നട തുറന്നു

ശബരിമല: മണ്ഡല- മകരവിളക്ക് പൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് നാലിന് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിദ്ധ്യത്തിൽ മേൽശാന്തി ഇഡി പ്രസാദ് നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിയിച്ചു. തുടർന്ന് മേൽശാന്തി പതിനെട്ടാംപടി ഇറങ്ങി ഹോമകുണ്ഡത്തിൽ അഗ്നി പകർന്നതോടെ സന്നിധാനം ശരണാരവത്തിൽ മുഴങ്ങി.

ഇരുമുടിക്കെട്ടുമായി വന്ന നിയുക്ത മേൽശാന്തി സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെയും നിയുക്ത മാളികപ്പുറം മേൽശാന്തി എ.ദാമോദരൻ നമ്പൂതിരിയെയും കൈപിടിച്ച് പതിനെട്ടാംപടിയിലൂടെ മേൽശാന്തി പ്രസാദ് നമ്പൂതിരിയുടെ നേതൃത്വത്തിൽ സോപാനത്തേക്ക് ആനയിച്ചു. വൃശ്ചികപ്പുലരിയായ നാളെ പുലർച്ചെ മൂന്നിന് പുതിയ മേൽശാന്തിമാരാണ് സന്നിധാനം, മാളികപ്പുറം നടകൾ തുറക്കുക.

വൃശ്ചികം ഒന്നുമുതൽ മണ്ഡലപൂജ വരെ പ്രതിദിനം 80,000പേർക്ക് ദർശനത്തിന് സൗകര്യമൊരുക്കും. വെർച്വൽ ക്യൂ ബുക്കിംഗിലൂടെ 60,000 പേർക്ക് ദർശനം നടത്താം. സ്‌പോട്ട് ബുക്കിംഗ് വഴി നിലയ്ക്കലിൽ 10,000 പേർക്കും എരുമേലി കാനനപാതവഴി 2,000 പേർക്കും വണ്ടിപ്പെരിയാർ സത്രം പുൽമേടുവഴി 2,000 പേർക്കും ദർശനം നടത്താനാകും.

ഓൺലൈൻ ബുക്കിംഗിലൂടെ എരുമേലി, സത്രം കാനന പാതകൾ വഴി 3,000 പേർക്ക് വീതം ദർശന സൗകര്യമുണ്ട്. ചെങ്ങന്നൂർ റെയിൽവെ സ്റ്റേഷനിലും സ്‌പോട്ട് ബുക്കിംഗിന് സൗകര്യമൊരുക്കും. തിരക്കിനനുസരിച്ചാണ് ഇവിടെ നിന്ന് ബുക്കിംഗ് നൽകുക. പമ്പയിൽ തീർത്ഥാടന കാലത്ത് സ്‌പോട്ട് ബുക്കിംഗ് ഇല്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button