News

പി.എം. ശ്രീ പദ്ധതി; യുഡിഎഫ് നിലപാടിനെതിരെ കാന്തപുരം വിഭാഗം സമസ്ത രൂക്ഷ വിമർശനം

കേന്ദ്ര സർക്കാരിന്റെ പി.എം. ശ്രീ സ്കൂൾ പദ്ധതിയുമായി യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതിനെതിരെ കാന്തപുരം വിഭാഗം സമസ്ത ശക്തമായ വിമർശനവുമായി രംഗത്തെത്തി. യുഡിഎഫ് നിലപാട് രാഷ്ട്രീയ സത്യസന്ധതയെ ബാധിക്കുന്നതാണെന്ന് സമസ്തയുടെ പോഷക സംഘടനയായ എസ്.വൈ.എസ് ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം ആരോപിച്ചു.

മുൻപ് പിണറായി വിജയൻ സർക്കാർ മുന്നണിയിൽ പോലും ചർച്ച ചെയ്യാതെ പദ്ധതിയിൽ ഒപ്പിട്ടിരുന്നുവെന്നും, തുടർന്ന് വ്യാപക എതിർപ്പിനെ തുടർന്ന് കേന്ദ്രത്തിന് കത്ത് നൽകി പദ്ധതിയിൽ നിന്ന് പിന്മാറിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അത്തരമൊരു പദ്ധതിയുമായി പുതിയ സർക്കാർ വീണ്ടും മുന്നോട്ടുപോകുന്നത് ജനവികാരത്തിനെതിരാണെന്നും അദ്ദേഹം പറഞ്ഞു.

ജനവികാരം അവഗണിച്ച് പി.എം. ശ്രീ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത് രാഷ്ട്രീയ മര്യാദയ്ക്ക് നിരക്കാത്തതാണെന്നും, ഈ വിഷയത്തിൽ യുഡിഎഫ് മുന്നണിയിൽ നിന്ന് വ്യക്തമായ തിരുത്തൽ ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “ഈ ജനവിരുദ്ധ നിലപാട് തിരുത്താൻ മുന്നണിയിൽ ആരുമില്ലേയെന്ന് മതേതര കേരളം ചോദിക്കുകയാണ്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പി.എം. ശ്രീ പദ്ധതി സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ അവകാശങ്ങളിൽ ഇടപെടലാണെന്ന വിമർശനം നേരത്തെ തന്നെ വിവിധ ഭാഗങ്ങളിൽ നിന്നുണ്ടായിരുന്നു. ഇതിനിടെയാണ് കാന്തപുരം വിഭാഗം സമസ്തയുടെ പരസ്യ പ്രതികരണം സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button