ചൈനയിൽ ഇനി വിമാനവും ഇലക്ട്രിക്! 19 യാത്രക്കാരെ വഹിക്കാവുന്ന CE-25A പരീക്ഷണപ്പറക്കൽ വിജയകരം

ബെയ്ജിങ്: വ്യോമയാന മേഖലയിൽ നിർണായക മുന്നേറ്റവുമായി ചൈന. തദ്ദേശീയമായി വികസിപ്പിച്ച ഇലക്ട്രിക് യാത്രാവിമാനമായ CE-25A വിജയകരമായി ആദ്യ മനുഷ്യസഹിത പരീക്ഷണപ്പറക്കൽ പൂർത്തിയാക്കി. നവംബർ 14ന് കിഴക്കൻ ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലുള്ള ബിൻഷൗവിലായിരുന്നു പരീക്ഷണപ്പറക്കൽ.
ചൈനീസ് വിമാന നിർമാണ കമ്പനിയായ കൊമേഴ്സ്യൽ എയർക്രാഫ്റ്റ് കോർപ്പറേഷൻ ഓഫ് ചൈന (COMAC) വികസിപ്പിച്ച വിമാനത്തിൽ രണ്ട് പൈലറ്റുമാരും ഒരു ഫ്ലൈറ്റ് ടെസ്റ്റ് എൻജിനീയറുമാണ് ഉണ്ടായിരുന്നത്.
ആകെ 57 മിനിറ്റും 46 സെക്കൻഡും നീണ്ടുനിന്ന പരീക്ഷണത്തിൽ 16 മിനിറ്റും 38 സെക്കൻഡും വിമാനം ആകാശത്ത് പറന്നു. ഇതിനിടെ 60.4 കിലോമീറ്റർ ദൂരം പിന്നിട്ടു. വിമാനത്തിന്റെ എല്ലാ സംവിധാനങ്ങളും പ്രതീക്ഷിച്ച രീതിയിൽ പ്രവർത്തിച്ചതായും പ്രകടനം തൃപ്തികരമായിരുന്നുവെന്നും കമ്പനി അറിയിച്ചു.
19 യാത്രക്കാരെ വഹിക്കാം നഗരങ്ങൾക്കിടയിലുള്ള ഹ്രസ്വദൂര യാത്രകൾ ലക്ഷ്യമിട്ടാണ് CE-25A രൂപകൽപ്പന ചെയ്തിരിക്കുന്നത്. പരമാവധി 19 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള വിമാനത്തിന് 10 മെട്രിക് ടണ്ണാണ് പരമാവധി ടേക്ക് ഓഫ് ഭാരം.
മണിക്കൂറിൽ 300 കിലോമീറ്ററാണ് പരമാവധി ക്രൂയിസ് വേഗത. 2,400 മീറ്റർ ഉയരത്തിൽ പറക്കാൻ കഴിയുന്ന വിമാനത്തിന് ഒറ്റത്തവണ ചാർജ് ചെയ്താൽ ഏകദേശം 400 കിലോമീറ്റർ സഞ്ചരിക്കാനാകുമെന്നാണ് കണക്കാക്കുന്നത്.
പരമ്പരാഗത ഇന്ധന എൻജിനുകൾക്ക് പകരം ചിറകുകളിൽ ഘടിപ്പിച്ച പത്ത് ഇലക്ട്രിക് ഡക്റ്റഡ് ഫാനുകളാണ് വിമാനത്തിന് കരുത്തേകുന്നത്. ഈ പ്രത്യേക പ്രൊപ്പൽഷൻ സംവിധാനത്തിലൂടെയാണ് വിമാനം പറക്കുന്നത്.
19 ആളില്ലാ പരീക്ഷണപ്പറക്കലുകൾക്ക് ശേഷംമനുഷ്യരെ വഹിച്ചുള്ള പരീക്ഷണത്തിന് മുൻപ് നിരവധി ഘട്ടങ്ങളിലായി സുരക്ഷാ പരിശോധനകൾ നടത്തിയിരുന്നു. ഈ വർഷം ഫെബ്രുവരി രണ്ടിനായിരുന്നു വിമാനത്തിന്റെ ആദ്യ ആളില്ലാ പരീക്ഷണപ്പറക്കൽ. തുടർന്ന് 19 ആളില്ലാ പരീക്ഷണപ്പറക്കലുകളും വിജയകരമായി പൂർത്തിയാക്കി.
ചൈനീസ് ബാറ്ററി നിർമാതാക്കളായ CATL, ഷാങ്ഹായ് ജിയാവോ ടോങ് സർവകലാശാല എന്നിവയുമായി സഹകരിച്ചാണ് COMAC വിമാനം വികസിപ്പിച്ചത്.
വിമാനത്തിന് വാണിജ്യ സർവീസ് നടത്താനുള്ള അനുമതി ലഭിക്കുന്നതിനുള്ള ടൈപ്പ് സർട്ടിഫിക്കേഷൻ നടപടികൾക്കും തുടക്കമായിട്ടുണ്ട്. ചൈനയുടെ ഇലക്ട്രിക് വ്യോമയാന മേഖലയിലെ സുപ്രധാന ചുവടുവയ്പ്പായാണ് CE-25Aയുടെ ആദ്യ മനുഷ്യസഹിത പരീക്ഷണപ്പറക്കലിനെ വിലയിരുത്തുന്നത്.




