72 ദിവസത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ അർജുൻ; ഷിരൂർ ദുരന്തത്തിന് ഇന്ന് രണ്ടാം വാർഷികം

കർണാടകയിലെ ഷിരൂരിൽ നടന്ന ഭയാനകമായ മണ്ണിടിച്ചിൽ ദുരന്തത്തിന് ഇന്ന് രണ്ട് വർഷം തികയുന്നു. 2024 ജൂലൈ 16-ന് രാവിലെ ദേശീയപാത 66-ൽ ഉണ്ടായ വൻ മണ്ണിടിച്ചിൽ ഒരു ചായക്കടയെയും സമീപത്തെ വീടുകളെയും പൂർണ്ണമായും തുടച്ചുനീക്കി. ഈ ദുരന്തത്തിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനെ കണ്ടെത്താൻ നടത്തിയ രക്ഷാപ്രവർത്തനങ്ങൾ കേരളം ഏറെ വൈകാരികമായാണ് നോക്കിക്കണ്ടത്.
ദുരന്തത്തിന് പിന്നാലെ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും തിരിച്ചടിയായി. എൻഡിആർഎഫും നാവികസേനയും ഉൾപ്പെടെയുള്ളവർ വിവിധ ഘട്ടങ്ങളിലായി തിരച്ചിൽ നടത്തിയിട്ടും തുടക്കത്തിൽ ഫലമുണ്ടായില്ല. കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ തിരച്ചിൽ ശക്തമാക്കിയെങ്കിലും, തിരച്ചിൽ ഫലപ്രദമല്ലെന്ന് കാണിച്ച് അർജുന്റെ ബന്ധുക്കൾ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർത്തിയിരുന്നു.
മേജർ ജനറൽ എം. ഇന്ദ്രബാലൻ, സന്നദ്ധപ്രവർത്തകൻ ഈശ്വർ മാൽപെ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലുകൾ ഓരോ ഘട്ടത്തിലും ഏറെ ശ്രദ്ധനേടിയിരുന്നു. ജൂലൈ മുതൽ സെപ്റ്റംബർ വരെ നീണ്ടുനിന്ന പരിശോധനകളിൽ പലതവണ ലോറിയുടേതെന്ന് സംശയിക്കുന്ന ഭാഗങ്ങൾ കണ്ടെത്താൻ ശ്രമിച്ചെങ്കിലും അതൊന്നും അർജുന്റെ വാഹനം സ്ഥിരീകരിക്കാൻ സഹായിച്ചില്ല. നിരവധി ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലും ദൗത്യം നിർത്തിവെക്കരുതെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടുകൊണ്ടിരുന്നു.
അവസാനഘട്ടത്തിൽ ഗോവയിൽ നിന്ന് ഡ്രഡ്ജർ എത്തിച്ചുള്ള തീവ്രമായ തിരച്ചിലിനൊടുവിൽ 72 ദിവസത്തെ നീണ്ട കാത്തിരിപ്പിന് വിരാമമായി. 2024 സെപ്റ്റംബർ 25-ന് ഗംഗാവലി പുഴയുടെ അടിത്തട്ടിൽ നിന്ന് അർജുന്റെ ലോറി കണ്ടെത്തി. ലോറിയുടെ കാബിനുള്ളിൽ നിന്ന് അർജുന്റെ മൃതദേഹാവശിഷ്ടങ്ങളും കണ്ടെടുക്കാൻ സാധിച്ചു. അർജുന്റെ മരണം ഒരു വലിയ ജനസമൂഹത്തിന്റെ ഇന്നും ഉണങ്ങാത്ത കണ്ണീരോർമ്മയായി അവശേഷിക്കുന്നു




