News

ഡൽഹിയിൽ വീണ്ടും വൻ തീപിടിത്തം; അഞ്ച് നില കെട്ടിടത്തിൽ തീപടർന്ന് മൂന്ന് മരണം, എട്ടുപേരെ രക്ഷപ്പെടുത്തി

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വീണ്ടും വൻ തീപിടിത്തം. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് തുഗ്ലക്കാബാദ് മേഖലയിലെ അഞ്ച് നില കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. അപകടത്തിൽ മൂന്ന് പേർ മരിച്ചതായി ഡൽഹി ഫയർ സർവീസ് അധികൃതർ സ്ഥിരീകരിച്ചു.

ഓഖ്‌ല ഫയർ സ്റ്റേഷൻ-1 പരിധിയിലെ മദ്ധ്യം മാർഗിലുള്ള നയാ താര അപ്പാർട്ട്മെന്റിന് സമീപത്തെ ഗാലി നമ്പർ ഒന്നിലുള്ള കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞ ഉടൻ അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കെട്ടിടത്തിൽ കുടുങ്ങിക്കിടന്ന എട്ടുപേരെ സുരക്ഷിതമായി പുറത്തെടുത്ത് സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.

കെട്ടിടത്തിലേക്കുള്ള വഴി വളരെ ഇടുങ്ങിയതായിരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നുവെന്ന് ഫയർ സർവീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കെട്ടിടത്തിന് താഴെ പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങളും തീപിടുത്തത്തിൽ പൂർണമായും കത്തിനശിച്ചു.

നിലവിൽ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ടെങ്കിലും കെട്ടിടത്തിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. വിശദമായ പരിശോധന തുടരുകയാണെന്നും അധികൃതർ അറിയിച്ചു. പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button