ഷിഗെല്ല ബാധിച്ച് വീണ്ടും മരണം; കോഴിക്കോട് ഏഴ് വയസുകാരൻ മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം റിപ്പോർട്ട് ചെയ്തു. മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ ഏഴുവയസുകാരനാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
പനി, വയറിളക്കം എന്നിവയെ തുടർന്ന് ഈ മാസം 12-നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഈ വർഷം ഇതുവരെ ഷിഗെല്ല ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി ഉയർന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.
ഇതിനുമുമ്പ് കോഴിക്കോട് ഷിഗെല്ല ബാധിച്ച് നാലരവയസുകാരിയും മരിച്ചിരുന്നു. തലക്കുളത്തൂർ സ്വദേശിയുടെ മകൾ നിള കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരിച്ചത്.
സംസ്ഥാനത്ത് ഷിഗെല്ല കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് പുതിയ മരണം റിപ്പോർട്ട് ചെയ്യുന്നത്. ഈ വർഷം ഇതുവരെ 135 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതിൽ 68 കേസുകളും കോഴിക്കോട് ജില്ലയിലാണ്. നിലവിൽ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ഒരു വയസുകാരന്റെ നില ഗുരുതരമാണെന്നും റിപ്പോർട്ടുണ്ട്.



