62-ാം വയസ്സിലും യുവത്വം തുളുമ്പുന്ന ഫിറ്റ്നസ്; ‘പ്രായമല്ല, ഊർജമാണ് പ്രധാനം’നീത അംബാനിയുടെ ഫിറ്റ്നസ് രഹസ്യം

വ്യവസായിയും ജീവകാരുണ്യ പ്രവർത്തകയുമായ നീത അംബാനിയുടെ ഫിറ്റ്നസ് വിശേഷങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമായിരിക്കുകയാണ്. കഠിനമായ ഡയറ്റുകളോ പഥ്യങ്ങളോ അല്ല, ശരീരത്തെയും മനസ്സിനെയും ഒരുപോലെ സ്നേഹിക്കുന്ന ജീവിതരീതിയാണ് അവർ പിന്തുടരുന്നത്.
62-ാം വയസ്സിലും ദൃഢമായ ശാരീരികക്ഷമതയും ചലനാത്മകതയും നിലനിർത്താൻ വ്യായാമത്തിനും ചിട്ടയായ ഭക്ഷണക്രമത്തിനുമാണ് അവർ പ്രാധാന്യം നൽകുന്നത്. പ്രായത്തെ ചെറുത്തുതോൽപ്പിക്കാനല്ല, അതിനെ അഭിമാനത്തോടെ സ്വീകരിച്ച് എനർജറ്റിക്കായി ജീവിക്കുകയാണ് വേണ്ടതെന്നാണ് നീതയുടെ പക്ഷം.
ആഴ്ചയിൽ അഞ്ചു മുതൽ ആറു ദിവസം വരെ ഫിറ്റ്നസിനായി മാറ്റിവയ്ക്കുന്ന അവർ നൃത്തത്തിനാണ് ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നത്. ആറാം വയസ്സിൽ ആരംഭിച്ച ഭരതനാട്യം പരിശീലനമാണ് ഇതിന് അടിത്തറയിട്ടത്. സ്ട്രെങ്ത് ട്രെയിനിങ്, യോഗ, ഫ്ലെക്സിബിലിറ്റി എക്സർസൈസുകൾ, കോർ-സ്ട്രെങ്തനിങ് എന്നിവയ്ക്കൊപ്പം ദിവസവും 5,000 മുതൽ 7,000 ചുവടുകൾ വരെ നടക്കുകയും ചെയ്യുന്നു. കൂടാതെ നീന്തലും വെള്ളത്തിലുള്ള വ്യായാമങ്ങളും അവരുടെ ദിനചര്യയുടെ ഭാഗമാണ്. കൊച്ചുമക്കളോടൊപ്പം ഓടിനടന്ന് കളിക്കാനുള്ള കരുത്തും സ്റ്റാമിനയും നേടുക എന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് അവർ വ്യക്തമാക്കുന്നു.
ഭക്ഷണകാര്യത്തിലും കർശനമായ ചിട്ടകളാണ് നീത പാലിക്കുന്നത്. ജൈവവും പ്രകൃതിദത്തവുമായ സമീകൃത സസ്യാഹാരമാണ് അവർ പിന്തുടരുന്നത്. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾക്ക് മുൻഗണന നൽകുന്നതിനോടൊപ്പം പഞ്ചസാരയും കൃത്രിമ മധുരങ്ങളും പൂർണ്ണമായും ഒഴിവാക്കുകയും ചെയ്യുന്നു. തിരക്കുപിടിച്ച ജീവിതത്തിലും സ്വന്തം ആരോഗ്യത്തിനായി സമയം കണ്ടെത്താൻ എല്ലാവരും തയ്യാറാകണമെന്നാണ് അവരുടെ ഓർമ്മപ്പെടുത്തൽ. വലിയ ലക്ഷ്യങ്ങളിലേക്ക് നേരിട്ട് കടക്കാതെ ചെറിയ രീതിയിൽ വ്യായാമം ആരംഭിച്ച് സാവധാനം അത് ജീവിതത്തിന്റെ ഭാഗമാക്കാൻ അവർ നിർദ്ദേശിക്കുന്നു. ഏതൊരു പ്രായത്തിലും ഊർജ്ജസ്വലതയോടെ ഇരിക്കാൻ കഴിയുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് നീത അംബാനിയുടെ ഈ ജീവിതശൈലി.



