News

ലഹരിക്കെതിരെ കൈകോർക്കുന്നു തദ്ദേശ സ്ഥാപനങ്ങളും പൊലീസും; ‘തൂഫാൻ തദ്ദേശം’ പരിശീലനത്തിന് തുടക്കം!

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ ലഹരിവിരുദ്ധ വേട്ടയായി ‘ഓപ്പറേഷൻ തൂഫാൻ’ മാറിക്കഴിഞ്ഞതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരിക്കെതിരായ പോരാട്ടം കൂടുതൽ ശക്തവും ജനകീയവുമാക്കുന്നതിന്റെ ഭാഗമായി ഓപ്പറേഷൻ തൂഫാന്റെ കീഴിൽ നടപ്പാക്കുന്ന ‘തൂഫാൻ തദ്ദേശം’ പദ്ധതിയുടെ മാസ്റ്റർ പരിശീലകർക്കുള്ള സംസ്ഥാനതല പരിശീലന പരിപാടി ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓപ്പറേഷൻ തൂഫാന് വിദേശത്തുപോലും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. പദ്ധതിയുടെ അടുത്ത ഘട്ടമായ ‘തൂഫാൻ കെയർ’ വിജയിപ്പിക്കുന്നതിന് ബ്ലോക്ക്, പഞ്ചായത്ത്, വാർഡ് തലത്തിലുള്ളവരുടെ സഹായം അനിവാര്യമാണ്. ജനകീയ പ്രതിരോധം ശക്തിപ്പെടുത്താൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുമെന്നും, ലഹരിയുടെ ഭവിഷ്യത്തുകളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുകയാണ് മാസ്റ്റർ പരിശീലകരുടെ പ്രധാന ഉത്തരവാദിത്തമെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജിലെ മൈൻഡ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി അധ്യക്ഷത വഹിച്ചു. ഭാവി തലമുറയെ രക്ഷിക്കാനുള്ള പോരാട്ടമാണ് ഓപ്പറേഷൻ തൂഫാനെന്നും, തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ലഹരിവിരുദ്ധ പ്രതിരോധ പ്രവർത്തനങ്ങൾ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ സ്ഥാപനങ്ങളെയും പോലീസിനെയും ഏകോപിപ്പിച്ച് താഴെത്തട്ടിൽ ശക്തമായ പ്രതിരോധ സംവിധാനം ഒരുക്കുന്നതിനായി പോലീസിൽ നിന്ന് 70 ഉദ്യോഗസ്ഥരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് 80 ഉദ്യോഗസ്ഥരുമാണ് പരിശീലനത്തിൽ പങ്കെടുത്തത്. സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ മുഖ്യപ്രഭാഷണം നടത്തി. ഐ.ജി പി. പ്രകാശ്, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ്. അയ്യർ എന്നിവർ ആശംസകൾ നേർന്നു. ഓപ്പറേഷൻ തൂഫാൻ നോഡൽ ഓഫീസർ പുട്ട വിമലാദിത്യ സ്വാഗതവും ഡി.സി.പി ഷഹൻഷ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button