News

തിരുവനന്തപുരം നഗരസഭയിൽ പ്രതിസന്ധി ഒഴിയാതെ ബിജെപി; സുഗതന്‍റെ ഒപ്പ് വിവാദത്തിൽ നിലപാട് കടുപ്പിച്ച് സിപിഎമ്മും കോൺഗ്രസും

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ ബിജെപിക്ക് പ്രതിസന്ധി ഒഴിയുന്നില്ല. കാപ്പ കേസിൽ പ്രതിയായ ബിജെപി കൗൺസിലർ ആർ സുഗതന്‍റെ ഒപ്പ് വിവാദത്തിൽ നിലപാട് കടുപ്പിക്കാനാണ് കോൺഗ്രസിന്‍റെയും സിപിഎമ്മിന്‍റെയും തീരുമാനം. ഹാജർ രജിസ്റ്ററിൽ സുഗതന്‍റെ പേരിൽ വ്യാജ ഒപ്പിട്ടെന്ന പരാതി ശക്തമായി ഉന്നയിക്കാൻ ഇരു പാർട്ടികളും തീരുമാനിച്ചു. പരാതിയിൽ കൻ്റോണ്‍മെൻ്റ് എസിപി അന്വേഷണം നടത്തും.

സു​ഗതൻ കൗൺസിൽ യോ​ഗങ്ങളിൽ പങ്കെടുത്തതായി വ്യാജ ഒപ്പിട്ടു എന്നാണ് ആരോപണം. സു​ഗതൻ മൂന്ന് കൗൺസിൽ യോഗത്തിൽ പങ്കെടുത്തതായി വ്യാജ ഒപ്പിട്ടെന്ന്, വിവരാവകാശ നിയമ പ്രകാരം ലഭിച്ച കൗൺസിൽ രജിസ്റ്ററിൻ്റെ അടിസ്ഥാനത്തിലാണ് സിപിഎം ആരോപണം ഉന്നയിച്ചത്.

സു​ഗതനെ സംരക്ഷിക്കാൻ വേണ്ടിയാണ് മേയർ വി വി രാജേഷിൻ്റെ ഓഫീസ് കേന്ദ്രീകരിച്ചു വ്യാജ ഒപ്പിട്ടു രജിസ്റ്റ‍ർ ബുക്ക് സൂക്ഷിച്ചതെന്ന് സിപിഎം പാർലമെൻ്ററി പാർട്ടി നേതാവ് എസ് പി ദീപക് ആരോപിച്ചു. ഫെബ്രുവരി 26, മാ‍ർച്ച് 11, ഏപ്രിൽ 27 എന്നീ തീയതികളിൽ നടന്ന കൗൺസിൽ യോഗങ്ങളിലാണ് ഒപ്പ് ക്രമക്കേട് നടത്തിയത്. കൗൺസിൽ യോഗങ്ങളുടെ വീഡിയോ ദൃശ്യം വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടെങ്കിലും ഇല്ലെന്ന് മറുപടി ലഭിച്ചതായും ഇത് ബോധപൂർവം മറച്ചുവെക്കുന്നതാണെന്നും എസ് പി ദീപക് പറഞ്ഞു.

ഫെബ്രുവരി മാസം മുതൽ സു​ഗതൻ കൗൺസിൽ യോ​ഗത്തിൽ പങ്കെടുത്തിട്ടില്ല. ആറ് മാസം കൗൺസിൽ യോ​ഗത്തിൽ പങ്കെടുത്തിട്ടില്ലെങ്കിൽ ചട്ടപ്രകാരം അയോ​ഗ്യനാകും. സു​ഗതനെ പുറത്താക്കാതിരിക്കാനാണ് വ്യാജ ഒപ്പിട്ടു കൗൺസിൽ രജിസ്റ്ററിൽ ക്രമക്കേട് നടത്തിയതെന്ന് സിപിഎം ആരോപിക്കുന്നു. മേയ‍ർ സ്ഥാനം ഉറപ്പാക്കുന്നതിന് വേണ്ടി ബിജെപിയും ആ‍ർഎസ്എസും നടത്തിയ ക്രമക്കേടാണിത്. സംഭവത്തിൽ പൊലീസ് കമ്മീഷണ‍ർക്ക് രേഖാമൂലം പരാതി നൽകിയെന്നും യുഡിഎഫും സംസ്ഥാന സർക്കാരും ഇടപെടണമെന്നും സിപിഎം ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button