‘കുപ്രചാരണങ്ങൾക്കും കുടിലതന്ത്രങ്ങൾക്കും ഈ ജനകീയ മുഖത്തെ തകർക്കാനാവില്ല’; ഷാഫിക്ക് പിന്തുണയുമായി കണ്ണൂരിൽ ഫ്ലക്‌സ് ബോർഡുകൾ

കണ്ണൂർ: ഒരു ഇടവേളയ്‌ക്ക് ശേഷം കോൺഗ്രസിൽ വീണ്ടും ഫ്ലക്‌സ് ബോർഡ് വിവാദം പുകയുന്നു. ഷാഫി പറമ്പിൽ എംപിക്ക് പിന്തുണ പ്രഖ്യാപിച്ച് കണ്ണൂർ നഗരത്തിൽ ഫ്ലക്‌സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. യൂത്ത് കോൺഗ്രസിന്റെ പേരിലാണ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരം, സ്റ്റേഡിയം പരിസരം എന്നിവിടങ്ങളിലാണ് ഇന്ന് പുലർച്ചെ ബോർഡുകൾ ഉയർന്നത്.’കുപ്രചാരണം കൊണ്ടും കുടില തന്ത്രങ്ങൾ കൊണ്ടും ഈ ജനകീയ മുഖത്തെ തകർക്കാനാവില്ല’ എന്നാണ് ബോർഡുകളിലെ വാചകം.
നേരത്തേ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെച്ചൊല്ലിയും പാർട്ടിയിൽ സമാനമായ രീതിയിൽ ഫ്ലക്‌സ് യുദ്ധം നടന്നിരുന്നു.ഷാഫി പറമ്പിലിനെതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ നടത്തിയ പരാമർശങ്ങളാണ് പുതിയ വിവാദങ്ങൾക്ക് കാരണം. ഷാഫി ‘എ’ ഗ്രൂപ്പുകാരനല്ലെന്നും, അങ്ങനെയാണെങ്കിൽ അത് എട്ടാമത്തെ അത്ഭുതമായിരിക്കുമെന്നും ഉണ്ണിത്താൻ പരിഹസിച്ചിരുന്നു.
തനിക്കെതിരായ സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ ‘പെട്ടിതാങ്ങികൾ’ ആണെന്നും, ആശാന് വേണ്ടി അടൂരിലെ ശിഷ്യൻ ഇറങ്ങിയിരിക്കുകയാണെന്നും രാഹുൽ മാങ്കൂട്ടത്തിലിനെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് ഉണ്ണിത്താൻ ആരോപിച്ചു.ഉമ്മൻചാണ്ടി ആക്രമിക്കപ്പെട്ടപ്പോൾ പ്രതിരോധിക്കാൻ താനും ടി സിദ്ദിഖും മാത്രമാണ് ഉണ്ടായിരുന്നതെന്നും, മറ്റുള്ളവർ പ്രതിച്ഛായ ഭയന്ന് ഒളിച്ചോടിയെന്നും അദ്ദേഹം വിമർശിച്ചു. സിപിഎം ആക്രമിച്ചപ്പോൾ ഉമ്മൻചാണ്ടിയെ പ്രതിരോധിച്ചത് ഉണ്ണിത്താനാണെന്ന് അദ്ദേഹത്തിന്റെ കുടുംബവും പ്രതികരിച്ചതോടെ പാർട്ടിയിലെ തർക്കം രൂക്ഷമായി.




