അടിയന്തര സഹായവും കിട്ടിയില്ല; ദുരന്തമുഖത്ത് സർക്കാർ ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കുമ്പോഴും ദുരന്തബാധിതരോട് സർക്കാർ അവഗണനയും മനുഷ്യത്വരഹിതമായ സമീപനവുമാണ് പുലർത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി. ഓഗസ്റ്റ് ആദ്യവാരത്തിലുണ്ടായ പ്രളയത്തെ തുടർന്ന് ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ബാധിതർക്കായി പ്രഖ്യാപിച്ച അടിയന്തര ധനസഹായം പോലും ഇതുവരെ വിതരണം ചെയ്യാൻ സർക്കാരിനായിട്ടില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാണിച്ചു.
പ്രളയദുരിതാശ്വാസമായി 10,000 രൂപ നൽകുമെന്നായിരുന്നു സർക്കാരിന്റെ പ്രഖ്യാപനം. എന്നാൽ ആലപ്പുഴ ജില്ലയിൽ നാൽപതിനായിരത്തിലധികം പേർ അപേക്ഷ നൽകിയെങ്കിലും വെറും 83 പേർക്ക് മാത്രമാണ് പകുതി തുകയായ 5,000 രൂപ പോലും ലഭിച്ചത്. കോട്ടയത്താകട്ടെ ദുരന്തബാധിതരുടെ വിവരശേഖരണം പോലും പൂർത്തിയായിട്ടില്ല. കൂടാതെ, മഴക്കെടുതി മൂലം തൊഴിൽ നഷ്ടപ്പെട്ടവർക്ക് 300 രൂപ ധനസഹായം നൽകുമെന്ന് പ്രഖ്യാപിച്ചിട്ട് ഒന്നര മാസം കഴിഞ്ഞിട്ടും അതിനുള്ള അപേക്ഷകൾ പോലും സ്വീകരിച്ചുതുടങ്ങിയിട്ടില്ലെന്ന് അദ്ദേഹം വിമർശിച്ചു.
ഇന്നലെ സംസ്ഥാനത്തുണ്ടായ അപ്രതീക്ഷിത മഴയിലും മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും ഒമ്പത് ജീവനുകൾ നഷ്ടപ്പെട്ടതിൽ അദ്ദേഹം അനുശോചനം രേഖപ്പെടുത്തി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പിണറായി വിജയൻ വ്യക്തമാക്കി. ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സർക്കാർ അവസാനിപ്പിക്കണമെന്നും, അർഹരായ മുഴുവൻ പ്രളയബാധിതർക്കും പ്രഖ്യാപിച്ച ധനസഹായം യാതൊരു കാലതാമസവുമില്ലാതെ വിതരണം ചെയ്യാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.




