പിഎം ശ്രീയിൽ തുടങ്ങി സിപിഎം സിപിഐ പോര്; ‘LDFനെ നാണംകെടുത്തി, 5000 വോട്ടെങ്കിലുമുണ്ടോ?’

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലിയുള്ള സിപിഎം-സിപിഐ തർക്കം പരസ്യമായ വാക്പോരിലേക്ക്. പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് സിപിഐ മുഖപത്രത്തിൽ ലേഖനം വന്നതിന് പിന്നാലെയാണ് സിപിഐയുടെ രാഷ്ട്രീയ സ്വാധീനത്തെ ചോദ്യം ചെയ്ത് സിപിഎം നേതാക്കൾ രംഗത്തെത്തിയത്. രണ്ട് ലക്ഷം വോട്ടുള്ള നിയമസഭാ മണ്ഡലങ്ങളിൽ സിപിഐക്ക് ഒറ്റയ്ക്ക് 5000 വോട്ടെങ്കിലും നേടാനാകുമോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എൻ.മോഹനൻ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. എന്നും സമ്മർദ്ദതന്ത്രം സ്വീകരിക്കുന്ന പാർട്ടിയാണ് സിപിഐയെന്നും ഇടതുപക്ഷ ഐക്യം നിലനിർത്തണമെങ്കിൽ സിപിഎം എല്ലാം സഹിക്കണമെന്നാണ് അവരുടെ നിലപാടെന്നും മോഹനൻ വിമർശിച്ചു.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പിഎം ശ്രീ ആയിരുന്നു സിപിഐയുടെ ‘വിപ്ലവായുധ’മെന്നും അന്ന് അകത്തുനിന്നുള്ള ആക്രമണത്തിലൂടെ സർക്കാരിനെ നാണംകെടുത്തിയെന്നും അതിന്റെ തുടർച്ചയാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയെന്നും മോഹനൻ ആരോപിച്ചു. സമ്മർദ്ദതന്ത്രത്തിലൂടെ സിപിഐ അർഹതയില്ലാത്തത് നേടിയെടുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതുവരെ ഇല്ലാത്ത കീഴ്വഴക്കങ്ങൾ ലംഘിച്ചാണ് നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന് സിപിഐ ആവശ്യപ്പെടുന്നതെന്നും മോഹനൻ പറഞ്ഞു. സ്ഥാനമാനങ്ങൾക്കായി സിപിഐ കോൺഗ്രസുമായി സഖ്യമുണ്ടാക്കിയ ചരിത്രമുണ്ടെന്ന് സിപിഎം സംസ്ഥാന സമിതി അംഗം വി.ശിവൻകുട്ടിയും വിമർശിച്ചു.
പ്രതിപക്ഷ ഉപനേതൃസ്ഥാനവുമായി ബന്ധപ്പെട്ട് പിണറായി വിജയൻ പറഞ്ഞതാണ് ശരിയെന്നും ശിവൻകുട്ടി വ്യക്തമാക്കി. ഉപനേതൃസ്ഥാനത്തിനായി താൻ കത്ത് നൽകേണ്ട താമസമേയുള്ളൂ, സിപിഎം നേതാവ് തന്നെ ആ സ്ഥാനത്തെത്തുമെന്നായിരുന്നു പിണറായി വിജയന്റെ പത്രസമ്മേളനത്തിലെ പരാമർശം. ഇതാണ് സിപിഐ നേതൃത്വത്തെ ചൊടിപ്പിച്ചത്. ‘എല്ലാം താനാണ്’ എന്ന ഭാവമാണ് പിണറായിക്കെന്നടക്കമുള്ള വിമർശനങ്ങളുമായി സിപിഐ അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി ജനയുഗത്തിൽ ലേഖനമെഴുതുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇരുപാർട്ടികളിലെയും നേതാക്കൾ പരസ്യമായി പരസ്പരം വിമർശനം ശക്തമാക്കിയത്.




