News

ഭർത്താവിന് നൽകാൻ ലഹരിമരുന്നുമായി യുവതി ആശുപത്രിയിൽ; തടവുകാരുടെ കയ്യിൽ കൊടുത്തുവിടാൻ പദ്ധതി

കോഴിക്കോട്: ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരി ലഹരി മരുന്നുമായി പിടിയിൽ. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം. വയനാട് മേപ്പാടി സ്വദേശി അശ്വതിയാണ് മെഡിക്കൽ കോളേജ് പൊലീസിന്റെ പിടിയിലായത്. 28 ഗ്രാം ഹാഷിഷ് ഓയിലാണ് യുവതിയുടെ പക്കൽ നിന്ന് പിടികൂടിയത്.

പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അശ്വതി പിടിയിലായത്. ആശുപത്രിയിലെ 41ാം വാർഡിൽ നിന്ന് അശ്വതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വെളിച്ചെണ്ണ കുപ്പിയിലായിരുന്നു ഇവർ ഹാഷിഷ് ഓയിൽ എത്തിച്ചത്.പ്രസവ വാർഡിൽ കൂട്ടിരിപ്പ് ജോലിക്കായി എത്തിയതായിരുന്നു അശ്വതി. യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ആശുപത്രിയിലുണ്ടായിരുന്ന മറ്റുള്ളവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

അശ്വതിയുടെ ഭർത്താവ് ജയിലിലാണ്. ഭ‌ർത്താവിന് കൈമാറാനാണ് ലഹരിമരുന്ന് കൊണ്ടുവന്നതെന്നാണ് ഇവർ പൊലീസിന് മൊഴി നൽകിയത്. ആശുപത്രിയിലുള്ള തടവുകാരുടെ കയ്യിൽ കൊടുത്തുവിടാനായിരുന്നു പദ്ധതിയെന്നാണ് പൊലീസിന്റെ നിഗമനം. അശ്വതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button