News

തിരുവനന്തപുരം കോർപറേഷനിലെ കലാപം; ബിജെപിക്കെതിരെ കടുത്ത വിമർശനം

തിരുവനന്തപുരം: കോർപറേഷനിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള നടന്ന അക്രമസംഭവങ്ങൾ കേരളത്തിന് അപമാനമായി മാറിയെന്ന് ആരോപിച്ച്‌ കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫ്. സിപിഎം അലങ്കോലമാക്കിയ കോർപറേഷൻ ഭരണം ബിജെപി ഏറ്റെടുത്തതോടെ ഒരുപടി കൂടി വഷളായെന്നും അദ്ദേഹം ആരോപിച്ചു. ‘തുടർച്ചയായ ആക്രമണസംഭവങ്ങളാണ് കോർപറേഷനിൽനിന്നു പുറത്തുവരുന്നത്.

യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് കെഎസ് ശബരിനാഥിനെ ക്രൂരമായി കയ്യേറ്റം ചെയ്തു. ശബരിനാഥന്റെ പിതാവും കോൺഗ്രസിന്റെ സമുന്നത നേതാവുമായിരുന്നു ജി കാർത്തികേയനെ പോലും അധിക്ഷേപിക്കുന്ന രീതിയിൽ ബിജെപി കൗൺസിൽ അംഗം സംസാരിച്ചു.വനിതാ അംഗങ്ങളെ ആക്രമിച്ചു. യുഡിഎഫ് വനിതാ കൗൺസിലർമാരായ എസ് ഷെർളിക്കും അനിത അലക്സിനും പരിക്കേറ്റു. അക്രമത്തിൽ പരിക്കേറ്റ അവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഗുണ്ടകൾ വിളയാടുന്നതുപോലെയാണ് സിപിഎമ്മിലെയും ബിജെപിയിലെയും കൗൺസിലർമാർ പെരുമാറിയത്. ഇവർക്കെതിരെ കർശനമായ നിയമനടപടി പോലീസ് സ്വീകരിക്കണം.

നഗരവാസികളുടെ ജീവൽപ്രശ്ങ്ങളെയാണ് ബിജെപിയും ഇടതുപക്ഷവും ചേർന്ന് ചവിട്ടിയരക്കുന്നത്. മഴക്കാലമായതോടെ രോഗങ്ങളും വെള്ള‌ക്കെട്ടുമൂലമുള്ള പ്രശ്നങ്ങളുമൊക്കെ രൂക്ഷമാണ്. നിത്യവൃത്തിക്കുപോലും വകയില്ലാതെ പതിനായിരങ്ങൾ ദുരിതമനുഭവിക്കുന്നു. ഇതൊന്നും കാണാനും കേൾക്കാനും ഭരിക്കുന്നവർക്ക് കണ്ണും കാതുമില്ല. 46 ദിവസത്തിനുശേഷം ചേർന്ന കോർപറേഷൻ യോഗം വെറും 5 മിനിറ്റുകൊണ്ടാണ് 640 അജൻഡകൾ പാസാക്കിയത്. തികഞ്ഞ ഉത്തരവാദിത്വമില്ലായ്‌മയാണിത്. ഒരു കാപ്പകേസ് പ്രതിക്കുവേണ്ടിയാണ് ബിജെപി ഇത്രയധികം തരംതാഴുന്നത്. ഒട്ടേറെ അക്രമക്കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ കേസ് ചുമത്തിയത്. കോർപറേഷൻ ഭരണം കിട്ടിയ ബിജെപിയുടെ തനിസ്വരൂപം ജനം കണ്ടുകൊണ്ടിരിക്കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button