News

ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട കേസ്; പ്രോസിക്യൂട്ടർക്കെതിരെ ഗുരുതര ആരോപണം

തിരുവനന്തപുരം: എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതിക്ക് ജാമ്യം ലഭിച്ചതിനെ തുടർന്ന് അസാധാരണ നടപടിയുമായി സർക്കാർ. പ്രതിക്ക് ജാമ്യം അനുവദിച്ച ഉത്തരവിനെതിരെ നാളെ ഹൈക്കോടതിയിൽ സമർപ്പിക്കുന്ന അപ്പീലിൽ കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായ ഗീനാ കുമാരിയെ എതിർകക്ഷിയാക്കാനാണ് തീരുമാനം.

വിഷയത്തിൽ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി. അസഫലി നേരിട്ട് ഇടപെട്ടതിന് പിന്നാലെയാണ് നടപടി. കേസിലെ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്ന് ഗീനാ കുമാരിയെ മാറ്റാനുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് സൂചന.

ഒമ്പതാം പ്രതിയായ ഹരീഷിന് ജാമ്യം ലഭിക്കാനായി ഒത്തുകളിച്ചെന്ന ആരോപണത്തെ തുടർന്നാണ് ഗീനാ കുമാരിക്കെതിരെ നടപടി ശക്തമായത്. ഒക്ടോബർവരെ കാലാവധിയുണ്ടായിരുന്നെങ്കിലും, അവരെ സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യം പൊലീസിന്റെ ഭാഗത്തുനിന്ന് ഉയർന്നിരുന്നു.

കഴിഞ്ഞ 18-ന് ഹരീഷിന്റെ ജാമ്യത്തെ എതിർത്ത് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ജാമ്യം നിഷേധിക്കേണ്ടതിന് 13 കാരണങ്ങൾ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിലും, റിപ്പോർട്ട് കോടതിയിൽ കൈമാറിയ ഗീനാ കുമാരി ജാമ്യത്തെ ശക്തമായി എതിർത്തില്ലെന്നാണ് ആരോപണം.

റിപ്പോർട്ട് സമർപ്പിച്ച ശേഷം വാദം കേൾക്കാൻ ഒരാഴ്ച സമയം ലഭിച്ചിട്ടും കേസ് ഡയറിയടക്കമുള്ള നിർണായക രേഖകൾ പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. അന്വേഷണം ഏകദേശം പൂർത്തിയായെന്നും ഇനി കസ്റ്റഡി ആവശ്യമില്ലെന്നും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചതാണ് വിവാദത്തിന് വഴിവെച്ചത്. കേസിൽ സർക്കാരിന്റെ പുതിയ നീക്കം ശ്രദ്ധേയമായ രാഷ്ട്രീയ-നിയമ ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button