News

മാസപ്പടി കേസ്: സിഎംആർഎൽ ഡയറക്ടർമാരെ ഇഡി ചോദ്യം ചെയ്തു; നാളെ വീണ ഹാജരായേക്കും

കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായക നീക്കവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). സിഎംആർഎൽ ജോയിന്റ് മാനേജിങ് ഡയറക്ടർ ശരൺ എസ്. കർത്തയെയും സിഎംആർഎൽ ഡയറക്ടറും എംപവർ ഇന്ത്യ ഡയറക്ടറുമായ ജയ കർത്തയെയും ഇഡി ഇന്ന് മണിക്കൂറുകളോളം ചോദ്യം ചെയ്തു. രാവിലെ 10.15ഓടെയാണ് ഇരുവരും കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന് സിഎംആർഎൽ എന്ത് സേവനത്തിനാണ് പണം നൽകിയതെന്നും സാമ്പത്തിക ഇടപാടുകളുടെ സ്വഭാവമെന്തെന്നുമുള്ള കാര്യങ്ങളിലാണ് പ്രധാനമായും ഇഡി വിശദീകരണം തേടിയത്. ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും സാമ്പത്തിക വിവരങ്ങളും അന്വേഷണ സംഘം പരിശോധിച്ചതായാണ് വിവരം.

അതേസമയം, സിഎംആർഎല്ലിന്റെ സഹോദര സ്ഥാപനമായ എംപവർ ഇന്ത്യയിൽ നിന്നാണ് ടി. വീണയ്ക്ക് 50 ലക്ഷം രൂപ വായ്പയായി നൽകിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ, എംപവർ ഇന്ത്യയുടെ ഡയറക്ടറായ ജയ കർത്തയിൽ നിന്ന് വായ്പ അനുവദിച്ച പശ്ചാത്തലം, ഇടപാടിന്റെ നിയമപരമായ നടപടിക്രമങ്ങൾ, തിരിച്ചടവുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവയും ഇഡി തേടി.

ഇതിനിടെ, കേസിൽ നിർണായക വ്യക്തിയായി പരിഗണിക്കപ്പെടുന്ന ടി. വീണ നാളെ ഇഡിക്ക് മുന്നിൽ ഹാജരായേക്കുമെന്നാണ് സൂചന. ഹാജരാകുന്നതിന് കൂടുതൽ സമയം ആവശ്യപ്പെട്ട് ഇതുവരെ അപേക്ഷ നൽകിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. വീണയുടെ മൊഴിയും ഇന്ന് ശേഖരിച്ച വിവരങ്ങളും ചേർത്ത് കേസിന്റെ തുടർ അന്വേഷണ ദിശ ഇഡി തീരുമാനിക്കുമെന്നാണ് വിലയിരുത്തൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button