‘സതീശന്റെ നേതൃത്വത്തിൽ കേരളത്തിന് സുവർണ്ണകാലം’; എ.കെ. ആന്റണിയെ സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയെ വസതിയിലെത്തി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നതില്‍ നിർണായക പങ്കുവഹിച്ച എ കെ ആന്റണിയെ നേരിൽ കണ്ട് നന്ദി അറിയിക്കാനും അനുഗ്രഹം തേടാനുമാണ് സതീശൻ എത്തിയത്. സതീശന്റെ നേതൃത്വത്തിലുള്ള അടുത്ത അഞ്ച് വര്‍ഷം കേരളത്തിന്റെ സുവര്‍ണകാലമായി മാറട്ടെ എന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം എ കെ ആന്റണി പ്രതികരിച്ചു. ഒന്നിന് പുറകെ ഒന്നായി ജനപ്രിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും എ കെ ആന്റണി കൂട്ടിച്ചേര്‍ത്തു. എ കെ ആന്റണിയുടെ നിർദ്ദേശവും കൂടി പരിഗണിച്ചാണ് ഹൈക്കമാന്‍ഡ് വിഡിയെ മുഖ്യമന്ത്രിയാക്കിയത് എന്നാണ് റിപ്പോര്‍ട്ട്.
വികസനത്തിലും ജനക്ഷേമത്തിലും കേരളത്തെ ദക്ഷിണേന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമായി നയിക്കാൻ സതീശന് സാധിക്കട്ടെ എന്ന് എ കെ ആന്റണി ആശംസിച്ചു. സോണിയാ ഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായും കൂടിയാലോചിച്ചാണ് കോൺഗ്രസ് പ്രസിഡന്റ് സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിയോഗിച്ചത്. ഈ തീരുമാനത്തെ താൻ പൂർണമായും പിന്താങ്ങുന്നുവെന്നും സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും ആന്റണി പറഞ്ഞു. അതേസമയം, കേരളം സാമ്പത്തികമായി തരിപ്പണമായ അവസ്ഥയിലാണെന്നാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 2001-ൽ താൻ മുഖ്യമന്ത്രിയായ കാലത്തെ സമാനമായ സാഹചര്യമാണ് ഇപ്പോഴുമുള്ളത്. തുടക്കത്തിൽ തന്നെ ജനപ്രിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കരുത്. ചില കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വരും. സതീശന് സംസ്ഥാനത്തെ കരകയറ്റാൻ ആവശ്യമായ സാവകാശം നൽകണമെന്നും ആന്റണി മാധ്യമങ്ങളോടും ജനങ്ങളോടും അഭ്യർത്ഥിച്ചു. തുടക്കത്തിൽ ആരവം മുഴക്കുന്നവർ പിന്നീട് കല്ലെറിയുന്ന സാഹചര്യം ഉണ്ടാകരുത്. ഭരണത്തിന്റെ ആദ്യ ഘട്ടങ്ങളിൽ ചില കൈപ്പുനീർ കുടിക്കേണ്ടി വരും. ആ സമയത്ത് സതീശനെ പിന്തുണയ്ക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.




