പരാതി നൽകിയിട്ടും നടപടിയില്ല; നെടുമങ്ങാട് ഒന്നരവയസുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക വെളിപ്പെടുത്തൽ

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നരവയസുകാരൻ അർഷിദ് കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ പുറത്തുവന്നു. കുട്ടി ക്രൂരപീഡനത്തിന് ഇരയാകുന്നുണ്ടെന്ന വിവരം ദുരന്തം സംഭവിക്കുന്നതിന് 26 ദിവസം മുമ്പ് തന്നെ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിനെ അറിയിച്ചിരുന്നതായി വ്യക്തമായി.
കുഞ്ഞിന്റെ അമ്മൂമ്മയും അഖിലയുടെ മാതാവുമായ റീനയാണ് മെയ് 3-ന് ഹെൽപ്ലൈനിൽ വിളിച്ച് പരാതി നൽകിയത്. കുഞ്ഞിന്റെ രണ്ട് കൈകളും ഒടിഞ്ഞ നിലയിലാണെന്നും നിരന്തരം മർദനത്തിന് ഇരയാകുകയാണെന്നും അവർ ഫോൺ സംഭാഷണത്തിൽ അറിയിച്ചിരുന്നതായി വാർത്താ വെബ്സൈറ്റായ ദ ന്യൂസ് മിനിറ്റ് പുറത്തുവിട്ട ശബ്ദരേഖയിൽ വ്യക്തമാകുന്നു.
എന്നാൽ, പരാതിക്ക് പിന്നാലെ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ ഭാഗത്ത് നിന്ന് കാര്യമായ തുടർനടപടികൾ ഉണ്ടായില്ലെന്നാണ് ആരോപണം. “മറ്റെന്തോ കുടുംബപ്രശ്നങ്ങളാകാം” എന്ന തരത്തിലുള്ള പ്രതികരണമാണ് ഹെൽപ്ലൈനിൽ നിന്ന് ലഭിച്ചതെന്നും പരാതിയിൽ യാതൊരു ഇടപെടലും ഉണ്ടായില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കേരളത്തെ നടുക്കിയ നെടുമങ്ങാട് ഒന്നരവയസുകാരന്റെ മരണത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് അതിക്രൂര മർദനത്തിന്റെ തെളിവുകളാണ് പുറത്തുകൊണ്ടുവന്നത്. കുഞ്ഞിന്റെ ശരീരത്തിൽ 91 മുറിവുകളാണ് കണ്ടെത്തിയത്. ഗുരുതരമായ ആന്തരിക രക്തസ്രാവും നിരന്തരമായ ശാരീരിക പീഡനവും മരണകാരണമാണെന്ന് ഡോക്ടർമാർ പൊലീസിനെ അറിയിച്ചിട്ടുണ്ട്.
കേസിൽ കുഞ്ഞിന്റെ അമ്മ അഖിലയും അമ്മയുടെ പങ്കാളിയായ അഷ്കറും പ്രതികളാണ്. അഷ്കർ കുഞ്ഞിനെ ക്രൂരമായി മർദിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് പൊലീസ് നിഗമനം. മാസങ്ങളോളം അമ്മയുടെയും അമ്മയുടെ പങ്കാളിയുടെയും കൈകളിൽ നിന്ന് അതിക്രൂര മർദനമാണ് ഒന്നരവയസുകാരൻ നേരിട്ടതെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്.
ചൈൽഡ് പ്രൊട്ടക്ഷൻ സംവിധാനത്തിന് പരാതി ലഭിച്ചിട്ടും സമയബന്ധിതമായ ഇടപെടൽ ഉണ്ടായില്ലെന്ന വെളിപ്പെടുത്തൽ സംഭവത്തിൽ പുതിയ വിവാദങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.




