
മുഖ്യമന്ത്രി തീരുമാനം വൈകിയത് യുഡിഎഫിന് തിരിച്ചടിയായെന്ന് കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ്. മുഖ്യമന്ത്രി ചർച്ചകൾ തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. സോണിയാഗാന്ധിയുടെ വീട്ടിലാണ് ചർച്ച നടക്കുന്നത്. മല്ലികാർജുൻ ഖാർഗെയുടെ വീട്ടിൽ വൈകീട്ട് ചർച്ച നടക്കും. വെളുത്ത പുക ഉയരുമെന്നും ഉചിതമായ തീരുമാനം ഹൈക്കമാൻഡ് എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്ന് തീരുമാനമുണ്ടാകുമെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, വേഗം തീരുമാനം ഉണ്ടാകുമെന്ന് സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
അതേസമയം, ഫലപ്രഖ്യാപനം വന്ന് ഒരാഴ്ച പിന്നിട്ടിട്ടുമാണ് കോണ്‍ഗ്രസിൽ മുഖ്യമന്ത്രി പ്രതിസന്ധി തുടരുന്നത്. മുൻ കെപിസിസി അധ്യക്ഷൻമാരെ ഹൈക്കമാൻഡ് ദില്ലിയിലേക്ക് വിളിപ്പിച്ച സാഹചര്യത്തിൽ ഇന്ന് പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരുമുള്ളത്.
നിലവിലെ സാഹചര്യത്തിൽ പാർലമെൻ്ററി പാർട്ടി യോഗത്തിൽ ഭൂരിപക്ഷം എംഎൽഎമാരും പിന്തുണച്ച കെസി വേണുഗോപാലിന് തന്നെയാണ് കൂടുതൽ സാധ്യതയുള്ളത്. പക്ഷേ വിഡി സതീശൻ ഉയർത്തുന്ന വെല്ലുവിളിയെ മുതിർന്ന നേതാക്കളുടെ കൂടി പിന്തുണയോടെ മറികടക്കാനാണ് എഐസിസി ലക്ഷ്യമിടുന്നത്.



