നിപ പ്രതിരോധത്തിൽ സർക്കാരിന് വീഴ്ചയെന്ന് പിണറായി വിജയൻ; കടുത്ത വിമർശനം

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ കാണിക്കുന്ന ഏകോപനമില്ലായ്മയ്ക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. നിപ പ്രതിരോധത്തിന്റെ ഭാഗമായി പ്രവർത്തിക്കേണ്ട ആരോഗ്യമന്ത്രി, ആരോഗ്യവകുപ്പ്, ജില്ലാ ഭരണകൂടം എന്നിവർ തമ്മിൽ വലിയ ആശയക്കുഴപ്പവും ഏകോപനമില്ലായ്മയും ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നേരത്തെ എൽഡിഎഫ് ഭരണകാലത്ത് നിപ ബാധയുണ്ടായപ്പോൾ മന്ത്രിമാർ നേരിട്ട് കോഴിക്കോട് ക്യാമ്പ് ചെയ്താണ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത്. എന്നാൽ യുഡിഎഫ് സർക്കാർ അത്തരമൊരു ജാഗ്രത പുലർത്തുന്നില്ലെന്ന് പിണറായി വിജയൻ ആരോപിച്ചു. നിപ കൺട്രോൾ റൂമുകളിൽ നിന്ന് ജനപ്രതിനിധികളെ അകറ്റി നിർത്തുന്ന നിലപാടാണ് അധികൃതർ സ്വീകരിക്കുന്നത്. മുൻപ് ജനപ്രതിനിധികളെക്കൂടി പങ്കാളികളാക്കിയാണ് പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നത്.
കൂടാതെ, അതീവ ജാഗ്രത വേണ്ട ഈ ഘട്ടത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടറെ മാറ്റിയ നടപടിയെയും അദ്ദേഹം ചോദ്യം ചെയ്തു. മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന ആരോഗ്യ സംവിധാനത്തെ തകർക്കാൻ സർക്കാർ ശ്രമിച്ചപ്പോൾ, അതിന് കൂട്ടുനിൽക്കാത്തതിനാലാണ് ഡയറക്ടറെ മാറ്റിയതെന്ന് പിണറായി വിജയൻ ആരോപിച്ചു. അതേസമയം, മുൻപ് നിപ്പ ബാധയുണ്ടായപ്പോൾ പ്രതിപക്ഷം സ്വീകരിച്ചത് പോലെ രാഷ്ട്രീയ ആയുധമാക്കാൻ എൽഡിഎഫ് തയ്യാറല്ലെന്നും, രോഗത്തെ പ്രതിരോധിക്കാൻ സർക്കാരിന് പൂർണ്ണ സഹകരണം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.




