കേരള പൊലീസ് ബാൻഡിലേയ്ക്ക് 126 സേനാംഗങ്ങൾ കൂടി,ചരിത്ര മുഹൂർത്തമെന്ന് ആഭ്യന്തര മന്ത്രി

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന കേരള പൊലീസ് ബാൻഡ് യൂണിറ്റിലേക്ക് നിയമനം ലഭിച്ച ആദ്യ ബാച്ചിലെ 126 കോൺസ്റ്റബിൾമാരുടെ പാസിംഗ് ഔട്ട് പരേഡ് പേരൂർക്കട എസ്എപി പരേഡ് ഗ്രൗണ്ടിൽ നടന്നു. കേരള പൊലീസിന് ഇത് ചരിത്രപരവും അഭിമാനകരവുമായ മുഹൂർത്തമാണെന്ന് പരേഡിൽ അഭിവാദ്യം സ്വീകരിച്ചുകൊണ്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
‘സമൂഹത്തോട് എപ്പോഴും മാന്യമായും സഹാനുഭൂതിയോടെയും പെരുമാറുക എന്നത് ഓരോ പൊലീസ് ഉദ്യോഗസ്ഥന്റേയും കടമയാണ്. ഇത് നിറവേറ്റുന്നതിൽ പൊലീസ് ബാൻഡിലെ അംഗങ്ങൾ കൂടുതൽ ആത്മാർത്ഥതയുള്ളവരായിരിക്കുമെന്നതിൽ സംശയമില്ല. കാരണം,
സഹജീവി സ്നേഹത്തിന്റെയും അച്ചടക്കത്തിന്റെയും ആത്മാംശം കലർന്നിട്ടുള്ള ഒരു കലയാണ് സംഗീതം. മാറിവരുന്ന കാലഘട്ടത്തിനനുസരിച്ച് സേനാംഗങ്ങൾക്ക് ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാനാകട്ടെ’- അദ്ദേഹം ആശംസിച്ചു.
അശ്വാരൂഢ സേനയിലേയ്ക്ക് പരിശീലനം പൂർത്തിയാക്കിയ ഒരു മൗണ്ടഡ് പൊലീസ് കോൺസ്റ്റബിളും പാസിംഗ് ഔട്ടിൽ പങ്കെടുത്തു. പരിശീലന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവച്ചവർക്ക് മന്ത്രി പുരസ്കാരങ്ങൾ വിതരണം ചെയ്തു.മികച്ച ഇൻഡോർ ആയി തെരഞ്ഞെടുക്കപ്പെട്ടത് ജോബിൻ ജോസ് ജെ.ബി ആണ്. മികച്ച ഔട്ട്ഡോർ കേഡറ്റായി ജിജു. ബി ജോസഫും മികച്ച ഷൂട്ടറായി ബിബീഷ്.ബി.എസും തെരഞ്ഞെടുക്കപ്പെട്ടു. രതീഷ്. എസ് ആണ് മികച്ച ആൾ റൗണ്ടർ.
സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ, എ.ഡി.ജി.പിമാരായ ഗുഗുലോത്ത് ലക്ഷ്മൺ, ദിനേന്ദ്ര കശ്യപ്, എച്ച്. വെങ്കിടേഷ് പൊലീസ് ആസ്ഥാനത്തെ ഐ.ജി. ഹർഷിത അത്തല്ലൂരി, മറ്റ് ഉന്നത ഉദ്യോഗസ്ഥർ, പുതിയ സേനാംഗങ്ങളുടെ ബന്ധുക്കൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.




