News

‘കുറുക്കുവഴിയിലൂടെ ആരും നേതാവാകില്ല’; വെള്ളാപ്പള്ളിയെ തള്ളി പിണറായി വിജയൻ

എ.എൻ. ഷംസീറിനെതിരെ എസ് എൻ ഡി പി നേതാവ് വെള്ളാപ്പള്ളി നടേശൻ നടത്തിയ വിവാദ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വെള്ളാപ്പള്ളിയുടെ വാക്കുകൾ തികഞ്ഞ അസംബന്ധമാണെന്നും അത് അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

സി.പി.എമ്മിൽ ആരും കുറുക്കുവഴികളിലൂടെയോ എളുപ്പത്തിലോ നേതാക്കളായി മാറിയവരല്ല. ജനങ്ങൾക്കിടയിൽ ദീർഘകാലം പ്രവർത്തിച്ച് അവർ നൽകുന്ന അംഗീകാരത്തിലൂടെ മാത്രമേ ഒരാൾക്ക് നേതൃനിരയിലേക്ക് എത്താനാകൂ എന്ന് വ്യക്തമാക്കിയ അദ്ദേഹം ഇത്തരം വിലയിരുത്തലുകൾ പാർട്ടിക്ക് സ്വീകാര്യമല്ലെന്നും കൂട്ടിച്ചേർത്തു.

ചേർത്തലയിൽ നടന്ന എസ്.എൻ.ഡി.പി യോഗത്തിന്റെ ഒരു വേദിയിലായിരുന്നു സി.പി.എം നേതാവും മുൻ സ്പീക്കറുമായ ഷംസീറിനെതിരെ വെള്ളാപ്പള്ളി കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചത്. പിണറായി വിജയനെപ്പോലുള്ള മുതിർന്ന നേതാക്കൾ ഏറെ ത്യാഗങ്ങൾ സഹിച്ചാണ് നേതൃത്വത്തിൽ എത്തിയതെങ്കിൽ യാതൊരു കഷ്ടപ്പാടുമില്ലാതെ വളരെ എളുപ്പത്തിൽ നേതാവായ വ്യക്തിയാണ് ഷംസീർ എന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരിഹാസം. ഇതിനുപുറമെ ഷംസീറിന്റേത് ഒരു കമ്മ്യൂണിസ്റ്റ് മനസ്സല്ലെന്നും മറിച്ച് മുസ്ലിം ലീഗിന്റെ മനസ്സാണെന്നുമുള്ള അദ്ദേഹത്തിന്റെ ആരോപണം വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിവെച്ചത്.

മുൻകാലങ്ങളിൽ വെള്ളാപ്പള്ളി സമാനമായ പല വിവാദ പ്രസ്താവനകൾ നടത്തിയപ്പോഴും അതിനെതിരെ ശക്തമായി പ്രതികരിക്കാൻ പിണറായി വിജയൻ തയ്യാറായിരുന്നില്ല. എന്നാൽ വർഗീയ ധ്വനിയുള്ള ഇത്തരം പരാമർശങ്ങളെ കൃത്യസമയത്ത് തള്ളിപ്പറയാതിരുന്നത് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വലിയ രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കിയെന്ന് സി.പി.എം കേന്ദ്ര-സംസ്ഥാന കമ്മിറ്റികൾ അടുത്തിടെ വിലയിരുത്തിയിരുന്നു. ഈ മൗനം ന്യൂനപക്ഷ വിഭാഗങ്ങളെ ഇടതുപക്ഷത്തുനിന്ന് അകറ്റാൻ കാരണമായെന്ന തിരിച്ചറിവാണ് ഇപ്പോൾ വെള്ളാപ്പള്ളിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button