News

CPIക്കെതിരെ CPM ‘മോശം കളി’ കളിച്ചു; ഘടകകക്ഷികളെ തിരിക്കാൻ ശ്രമിച്ചെന്ന് ബിനോയ്

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെട്ട സി.പി.ഐ.ക്കെതിരേ ഘടകക്ഷികളെ ഉപയോഗിച്ച് മോശംകളിക്ക് സി.പി.എം. ഇറങ്ങിയെന്ന ഗുരുതര ആരോപണവുമായി ബിനോയ് വിശ്വം. പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന നിലപാടിൽനിന്ന് ഒരു രീതിയിലും പിന്നോട്ടുപോകില്ലെന്നും നിയമസഭയിൽ പാർലമെന്ററി യോഗങ്ങളോ കമ്മിറ്റികളോ എൽ.ഡി.എഫിന്റെതായി ഉണ്ടാകില്ലെന്നും അദ്ദേഹം സി.പി.ഐ. സംസ്ഥാന കൗൺസിൽ യോഗത്തിൽ പ്രസ്താവിച്ചു.

സി.പി.ഐ.ക്കെതിരേയുള്ള കാര്യങ്ങൾ മുന്നണി ഘടകകക്ഷികളോട് ഒറ്റക്കൊറ്റയ്ക്ക് സി.പി.എം. നേതാക്കൾ പറഞ്ഞു. അവരിൽനിന്നു തന്നെയാണ് വിവരം അറിഞ്ഞത്. ഉടനെ സി.പി.എം. നേതാക്കളെ വിളിച്ച് മറുപടി നൽകി. നിങ്ങൾക്കുള്ളതിനെക്കാൾ വ്യക്തിബന്ധം തങ്ങൾക്കുണ്ടെന്നും ഘടകക്ഷികളെ എതിരാക്കാൻനോക്കുന്നത് നല്ല രാഷ്ട്രീയമല്ലെന്നുമാണ് സി.പി.എം. നേതാക്കളോട് പറഞ്ഞത്.’ ബിനോയ് വിശ്വം പറഞ്ഞു.

‘പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന നിലപാടിൽനിന്ന് ഒരു രീതിയിലും പിന്നോട്ടുപോകില്ല. നിയമസഭയിൽ പാർലമെന്ററി യോഗങ്ങളോ കമ്മിറ്റികളോ എൽ.ഡി.എഫിന്റെതായി ഉണ്ടാകില്ല. അതുണ്ടാകണമെങ്കിൽ സി.പി.ഐ.യുടെ ആവശ്യം പരിഗണിക്കേണ്ടിവരും. ഇടതുമുന്നണി യോഗത്തിൽനിന്ന് മാറിനിൽക്കാൻ തീരുമാനിച്ചിട്ടില്ല. അതുകൊണ്ടാണ് യോഗംവിളിക്കണമെന്ന് ആവശ്യപ്പെട്ടതും അതിൽ പങ്കെടുത്തതും.

‘ യോഗത്തിൽ ബിനോയ് വിശദീകരിച്ചു. ചർച്ചയിൽ പങ്കെടുത്തവരെല്ലാം ഉപനേതാവ് പദവിയിൽ വിട്ടുവീഴ്ചവേണ്ടെന്ന നിലപാടാണ് മുന്നോട്ടുവെച്ചത്. നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും അതിന്റെ ആവശ്യമില്ലെന്നും ബിനോയ് അഭിപ്രായപ്പെട്ടു. പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ വീണക്കെതിരേയുള്ള ഇ.ഡി. അന്വേഷണം രാഷ്ട്രീയവിഷയമല്ലെന്നും ഇടപെടേണ്ടതില്ലെന്നും ബിനോയ് പറഞ്ഞു.

ആദ്യം ഇ.ഡി. റെയ്ഡ് നടത്തിയപ്പോൾ ഇടപെട്ടത് പ്രതിപക്ഷനേതാവിനെതിരേയുള്ള നീക്കം എന്ന നിലയ്ക്കാണെന്ന് അദ്ദേഹം വിശദീകരിച്ചെങ്കിലും ചിലർ എതിർത്തു. ‘പാറ്റസമരം’ പാഠമാക്കണമെന്നായിരുന്നു ചർച്ചയിലുണ്ടായിരുന്ന മറ്റൊരു വിമർശനം. ആറുവർഷമായി സമ്മേളനം നടക്കാതെ എ.ഐ.വൈ.എഫിന്റെ പ്രവർത്തനം മരവിച്ചുപോയെന്നും വിദ്യാർഥി-യുവജന സംഘടനകളെ പൊളിച്ചുപണിയേണ്ട സമയമായിരിക്കുന്നുവെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.

വിദ്യാർഥി-യുവജന സംഘടനക ചുമതല വഹിക്കുന്ന കെ. രാജന്റെ പരാജയം കൂടിയായിട്ടാണ് യോഗത്തിൽ ഇക്കാര്യം വിലയിരുത്തപ്പെട്ടത്. അതേസമയം, ബിനോയ് വിശ്വത്തിന്റെ സാമൂഹികമാധ്യമ ഉപയോഗത്തെക്കുറിച്ചും യോഗത്തിൽ വിമർശനമുണ്ടായി. സാമൂഹികമാധ്യമങ്ങളെ നല്ല രീതിയിൽ ഉപയോഗിക്കാൻ എല്ലാവർക്കും അറിയണമെന്നില്ല. അറിയില്ലെങ്കിൽ അത് ഉപയോഗിക്കാതിരിക്കണം, അല്ലാതെ ഉപയോഗിച്ച് അലമ്പാക്കരുത് എന്നായിരുന്നു ഒരു മുതിർന്ന നേതാവിന്റെ വിമർശനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button