News

പിണറായി വിജയനെതിരെ കേസുണ്ടാകുമോ? നിർണായക നിയമോപദേശം തിങ്കളാഴ്ച

തിരുവനന്തപുരം: മാസപ്പടി കേസില്‍ അഡ്വക്കേറ്റ് ജനറൽ (എ ജി) തിങ്കളാഴ്‌ചയോടെ സര്‍ക്കാരിന് നിയമോപദേശം നല്‍കും. അമേരിക്കയിലുള്ള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല 17-ാം തീയതിയാണ് കേരളത്തിലേക്ക് തിരികെയെത്തുക. ആഭ്യന്തരമന്ത്രി വന്ന ശേഷമാകും ഇ ഡി റിപ്പോര്‍ട്ടിലെ അന്വേഷണത്തില്‍ അന്തിമ തീരുമാനമെടുക്കുക. അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കാമെന്നാണ് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന് ഇ ഡി നല്‍കിയ റിപ്പോര്‍ട്ട്. എന്നാൽ, വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തിനാണ് കൂടുതല്‍ സാദ്ധ്യത.

ഇ ഡി നൽകിയ കത്തിന്റെ പേരിൽ മാത്രം എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ സർക്കാരിന് ബാദ്ധ്യതയില്ലെന്ന് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവുണ്ട്. എന്നാൽ, കത്തിൽ പറയുന്ന കാര്യങ്ങളിൽ കേസെടുക്കാൻ മതിയായ കാരണങ്ങളുണ്ടെങ്കിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ നിയമപരമായ തടസങ്ങളില്ല.

ഇ ഡിയുടെ കത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ശുപാർശ ചെയ്‌തുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ ( ഇ ഡി) കത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ ഉണ്ടെന്ന് സർക്കാർ വൃത്തങ്ങൾ. പുറത്തുവന്നതിനെക്കാൾ വലിയ തുകയുടെ ഇടപാട് നടന്നുവെന്ന് കത്തിൽ വ്യക്തമാക്കുന്നുണ്ടെന്നാണ് വിവരം. അതുകൊണ്ടാണ് നിയമപരിശോധന നടത്താൻ സർക്കാർ തീരുമാനിച്ചതെന്നും സൂചനയുണ്ട്.

പിണറായിക്കെതിരെ കേസ് എടുക്കേണ്ടിവരുമെന്നാണ് ഉന്നത സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്.പിണറായി വിജയനെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിച്ചുകൊണ്ടുള്ള ഇഡി റിപ്പോർട്ട് തള്ളിക്കളയില്ലെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കിയിരുന്നു. ഇ ഡി നിർദ്ദേശം നിയമപരമായി പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഇതിൽ രാഷ്ട്രീയമില്ലെന്നും വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button