പിണറായിയെ ‘പാർട്ടി കവചം’ കൊണ്ട് രക്ഷിക്കാനോ?; മാത്യു കുഴൽനാടന്റെ രണ്ട് ചോദ്യങ്ങൾ

കൊച്ചി: അന്വേഷണങ്ങൾ നേരിടുന്ന പിണറായി വിജയൻ ഇപ്പോൾ സിപിഎമ്മിനെയും പാർട്ടി പ്രവർത്തകരെയും കവചമാക്കാൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ ആരോപിച്ചു. അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള മുൻ മുഖ്യമന്ത്രിയുടെ അവസാനവട്ട ശ്രമമാണിതെന്നും, ഉയർന്നുവന്ന ചോദ്യങ്ങൾക്ക് പിണറായി വിജയൻ കൃത്യമായ മറുപടി നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മാത്യു കുഴൽനാടൻ.
പിണറായി പറഞ്ഞതെല്ലാം കളവാണെന്നും മാത്യു ആരോപിച്ചു. അന്വേഷണ ഏജൻസികൾ സിപിഎമ്മിനെ തകർക്കാൻ ശ്രമിക്കുകയാണെന്ന രീതിയിലാണ് പിണറായി കാര്യങ്ങളെ അവതരിപ്പിക്കുന്നത്. എന്നാൽ, അന്വേഷണവുമായി ബന്ധപ്പെട്ട് വ്യക്തമായ മറുപടി നൽകേണ്ട വിഷയങ്ങളുണ്ടെന്നാണ് മാത്യുവിന്റെ നിലപാട്.
പിണറായി വിജയന്റെ അക്കൗണ്ടിൽ നിന്ന് ആരെങ്കിലും വിദേശത്തേക്ക് പണം കൈമാറിയിട്ടുണ്ടോ എന്നതാണ് മാത്യു കുഴൽനാടൻ ഉന്നയിക്കുന്ന ആദ്യ ചോദ്യം. മന്ത്രി റിയാസിന്റെ സുഹൃത്തുക്കൾക്ക് പണം കൈമാറിയിട്ടുണ്ടോ എന്നതാണ് രണ്ടാമത്തെ ചോദ്യം. ഈ രണ്ട് കാര്യങ്ങളിലും പിണറായി വിജയൻ വ്യക്തമായ മറുപടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റിയാസിന്റെ സുഹൃത്തുക്കളെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഭീഷണിപ്പെടുത്തിയെന്നാണ് പിണറായി വിജയൻ ആരോപിക്കുന്നതെങ്കിൽ, ഇക്കാര്യം ഇത്രയും നാൾ എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ലെന്നും മാത്യു ചോദിച്ചു. അന്വേഷണത്തെ രാഷ്ട്രീയമായി നേരിടുന്നതിന് പകരം ഉയർന്നുവന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് വേണ്ടതെന്ന വിമർശനത്തോടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.




