News

തെളിവ് നശിപ്പിച്ചോ? ആന്റോ അഗസ്റ്റിന്റെ വീട്ടിലെ CCTV ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു; DVR എടുത്തുമാറ്റിയ നിലയിലെന്ന് എക്സൈസ്

കൽപ്പറ്റ: അബ്‌കാരി കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ചാനൽ എംഡി ആന്റോ അഗസ്റ്റിന്റെ വയനാട് വാഴവറ്റയിലെ വീട്ടിലെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്‌തതായി എക്‌സൈസ് കണ്ടെത്തൽ. വീട്ടിലെ 22 ക്യാമറകളിലെയും ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യപ്പെട്ട നിലയിലാണെന്ന് എക്‌സൈസ് പറഞ്ഞു. ദൃശ്യങ്ങളടങ്ങിയ ഡിവിആർ എടുത്തുമാറ്റിയ നിലയിലാണ്. ആന്റോ അഗസ്റ്റിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് കണ്ടെത്തൽ.

തെളിവ് നശിപ്പിക്കാനാണ് ഡിവിആർ എടുത്തുമാറ്റിയതെന്നാണ് സംശയം. ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. ഈ സമയത്ത് പ്രോസിക്യൂഷൻ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയേക്കും. അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ച കേസിൽ അറസ്റ്റിലായ ആന്റോ അഗസ്റ്റിനെ ചോദ്യംചെയ്യാനും തെളിവെടുപ്പിനുമായി 24 മണിക്കൂർ കസ്റ്റഡി സമയമാണ് ബത്തേരി കോടതി അനുവദിച്ചത്.

വാഴവറ്റയിലെ വീട് തന്റെ പേരിൽ അല്ലെന്നും വീട്ടിലുണ്ടായിരുന്ന മദ്യത്തെക്കുറിച്ച് അറിയില്ലെന്നും ആന്റോ ചോദ്യംചെയ്യലിൽ ആവർത്തിച്ചു. ബാങ്ക് ജപ്‌തി ചെയ്‌ത വീട് സർഫാസി നിയമപ്രകാരം ഭാര്യാമാതാവ് ലില്ലി ലേലത്തിൽ വാങ്ങുകയായിരുന്നു. താൻ മദ്യപിക്കുന്ന ആളല്ലെന്നും പിടിച്ചെടുത്ത മദ്യത്തെക്കുറിച്ച് അറിയില്ലെന്നും ആന്റോ പറഞ്ഞു.ഇതിനിടെ, വാഴവറ്റയിലെ വീട് അനധികൃത നിർമാണമാണെന്ന് കണ്ടെത്തി പഞ്ചായത്ത് നൽകിയ സ്റ്റോപ്പ് മെമ്മോയും പുറത്തുവന്നു.

ജിഎസ്‌ടി വകുപ്പിന് ആന്റോ അഗസ്റ്റിൻ നൽകിയ മേൽവിലാസം വാഴവറ്റയിലെ വീടിന്റേതാണെന്ന് വ്യക്തമാക്കുന്ന രേഖയും പുറത്തുവന്നിട്ടുണ്ട്. പഞ്ചായത്ത് രേഖകളിലും കെഎസ്‌ഇബി കണക്ഷൻ ഉൾപ്പെടെയുള്ള മറ്റ് രേഖകളിലെല്ലാം വീട് ആന്റോയുടെ പേരിലാണ്. വീടിന്റെ ഉടമസ്ഥാവകാശം മാറിയെന്ന് തെളിയിക്കാൻ എസ്‌ബിഐയുടെ സെയിൽസ് സർട്ടിഫിക്കറ്റ് മാത്രം മതിയാകില്ലെന്നാണ് എക്‌സൈസ് പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button