News

266 ദിവസത്തെ സമരത്തിന് വിജയം; ഓണറേറിയം വർധിപ്പിച്ചതിൽ ആഘോഷവുമായി ആശാപ്രവർത്തകർ

തിരുവനന്തപുരം: വി.ഡി സതീശൻ സർക്കാർ ആശാപ്രവർത്തകരുടെ ഓണറേറിയം വർധിപ്പിച്ചതിന് പിന്നാലെ ആഘോഷവുമായി ആശമാർ. 266 ദിവസം നീണ്ടുനിന്ന സമരപോരാട്ടം വിജയിച്ചതിന്റെ സന്തോഷത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ ഒത്തുകൂടിയ ആശാപ്രവർത്തകർ പായസം വിതരണം ചെയ്ത് ആഹ്ലാദം പങ്കിട്ടു.

ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാറാണ് ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തത്. പിണറായി സർക്കാരിന്റെ കാലത്ത് ആശാ സമരത്തെ അനുകൂലിച്ച് പ്രതികരിച്ചതിനെ തുടർന്നാണ് അദ്ദേഹത്തിന് അക്കാദമി ചെയർമാൻ പദവി നഷ്ടമായതെന്നായിരുന്നു അന്നത്തെ രാഷ്ട്രീയ വിമർശനം.

2025 ഫെബ്രുവരി 10നാണ് ആശാപ്രവർത്തകർ സമരം ആരംഭിച്ചത്. പ്രതിമാസ ഓണറേറിയം 21,000 രൂപയാക്കി ഉയർത്തണമെന്നും വിരമിക്കൽ ആനുകൂല്യം അഞ്ച് ലക്ഷം രൂപയാക്കണമെന്നുമായിരുന്നു പ്രധാന ആവശ്യങ്ങൾ. സ്ത്രീകളുടെ അപൂർവ സമരപോരാട്ടങ്ങളിൽ ഒന്നായാണ് ഈ സമരം വിലയിരുത്തപ്പെട്ടത്.

വി.ഡി സതീശൻ നേതൃത്വം നൽകുന്ന പുതിയ സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ആശാപ്രവർത്തകരുടെ ഓണറേറിയം 3,000 രൂപ വർധിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

സർക്കാരിന്റെ പ്രഖ്യാപനത്തിന് പിന്നാലെ “സമരം വിജയിച്ചു” എന്ന മുദ്രാവാക്യങ്ങളോടെയായിരുന്നു ആശാപ്രവർത്തകരുടെ ആഘോഷം. സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന പരിപാടിയിൽ നിരവധി പ്രവർത്തകരും സാമൂഹിക പ്രവർത്തകരും പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button