കള്ളൻ വിജയൻ ലേഖന വിവാദം: ദേശാഭിമാനി എഡിറ്റർ കെ ആർ അജയൻ രാജിവച്ചു

തിരുവനന്തപുരം: കള്ളൻ വിജയൻ ലേഖന വിവാദത്തിൽ വാരാന്തപ്പതിപ്പ് എഡിറ്റർ സ്ഥാനത്ത് നിന്നും മാറ്റിയ എഡിറ്റർ കെ ആർ അജയൻ ദേശാഭിമാനിയിൽ നിന്ന് രാജിവച്ചു. വാരാന്തപ്പതിപ് എഡിറ്റർ സ്ഥാനത്ത്നിന്നും നീക്കിയശേഷം അദ്ദേഹത്തോട് രാജിവയ്ക്കാനോ നീണ്ട അവധിയിൽ പോകാനോ ആണ് ആവശ്യപ്പെട്ടിരുന്നത്. തുടർന്നായിരുന്നു രാജി.
റസിഡന്റ് എഡിറ്റർ അദ്ദേഹത്തോട് നേരത്തെ വിശദീകരണം തേടിയിരുന്നു. കള്ളൻ വിജയൻ എന്ന ലേഖനത്തിലെ തലക്കെട്ട് പാർട്ടി വിരുദ്ധമല്ല എന്ന് കെ ആർ അജയൻ വിശദീകരണവും നൽകിയിരുന്നു. ദേശാഭിമാനിയിൽ പ്രസിദ്ധീകരിക്കാത്ത ലേഖനം സമൂഹമാദ്ധ്യമങ്ങളിൽ ലേഖകൻ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
ലേഖനത്തിന്റെ തലക്കെട്ട് മാറ്റുന്നതിന് ആവശ്യപ്പെട്ടിട്ടും ചെയ്യാതെ ആ വിവരം മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകി എന്നുകാണിച്ചാണ് റസിഡന്റ് എഡിറ്റർ, അജയന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നത്. പക്ഷെ ടി സി രാജേഷ് എഴുതിയ ഈ ലേഖനം ‘കള്ളൻ വിജയൻ, ധന്യ നാടകഗ്രാമം, മുത്തിപ്പാറ പിഒ’ എന്ന തലക്കെട്ടിൽ തന്നെ പ്രസിദ്ധീകരിച്ചു. ഇതോടെ എഡിറ്റോറിയൽ ബോർഡിലെ ചില അംഗങ്ങൾ എതിർക്കുകയും വാരാന്തപ്പതിപ്പ് മുടങ്ങുന്ന അവസ്ഥയുമുണ്ടായി. തിരുവനന്തപുരം പുല്ലമ്പാറയിലെ പ്രശസ്ത നാടകപ്രവർത്തകൻ വിജയനെക്കുറിച്ചുള്ള ലേഖനമായിരുന്നു ടി സി രാജേഷ് എഴുതിയിരുന്നത്.



