News

‘സ്വയം പ്രഖ്യാപിത നാടുവാഴികൾ’ എന്ന് വിമർശിച്ച ജഡ്ജി ഇപ്പോൾ സർവീസിലില്ല; രാഷ്ട്രീയപ്രവർത്തനം നടത്തുന്നു

കൊച്ചി: തങ്ങളെ ഗൂഢാലോചനക്കേസിൽ പെടുത്തുന്നതിനുവേണ്ടി ഹീനമായി പരിശ്രമം നടത്തിയ ലീഗ് നേതൃത്വം പരസ്യമായി മാപ്പ് പറയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി ജയരാജൻ. ചാട്ടവാർ പ്രയോഗിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥരെക്കൊണ്ട് ബോധപൂർവ്വം ഗൂഢാലോചനാ സിദ്ധാന്തം കേസിൽ ഉൾപ്പെടുത്താൻ നോക്കിയത്. അതാണ് പൊളിഞ്ഞതെന്നും ജയരാജൻ പറഞ്ഞു. അരിയിൽ ഷുക്കൂർ വധക്കേസിലെ ഗൂഢാലോചനക്കേസിൽ കോടതി വെറുതെവിട്ടതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി ജയരാജന്റെ വാക്കുകളിൽ നിന്ന്’സംഭവങ്ങൾ മാദ്ധ്യമങ്ങൾ തെറ്റായ രീതിക്ക് ചിത്രീകരിക്കുകയായിരുന്നു. 2012 ഫെബ്രുവരി 12 മുതൽ അരിയിൽ പ്രദേശത്ത് ലീഗ് ഗുണ്ടകളുടെ ആക്രമണങ്ങൾ തുടർച്ചയായി നടക്കുന്നുണ്ടായിരുന്നു. ആക്രമിക്കപ്പെട്ട വീടുകളും സാംസ്‌കാരിക സ്ഥാപനങ്ങളും കാണുന്നതിനുവേണ്ടിയാണ് അന്നത്തെ എംഎൽഎ ടി വി രാജേഷിനൊപ്പം സിപിഎം ജില്ലാ സെക്രട്ടറിയെന്ന നിലയിൽ അന്ന് അരിയിൽ പോയത്.

തൊട്ടടുത്ത് ലീഗിന്റെ ഓഫീസും അതിനടുത്ത് പള്ളിയുമുണ്ട്. അവിടെവച്ചാണ് ഞങ്ങളുടെ വാഹനം ആക്രമിച്ചത്. അവിടെനിന്ന് രക്ഷപ്പെട്ട് തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെത്തി. തുടർന്ന് പൊലീസിന്റെ സഹായത്തോടെയാണ് തളിപ്പറമ്പ് ആശുപത്രിയിലെത്തി ചികിത്സ തേടിയത്. ഈ സമയത്താണ് ദൗ‌ഭാഗ്യകരമായ സംഭവമുണ്ടായത്.അന്ന് ഭരിച്ചിരുന്നത് കോൺഗ്രസും ലീഗുമാണ്. അവരുടെ സമ്മർദ്ദത്തിന് വിധേയമായി പൊലീസുകാരെ പാവ കളിപ്പിക്കുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഗൂഢാലോചനാ സിദ്ധാന്തം അവതരിപ്പിച്ചത്. ആശുപത്രിയിൽവച്ച് ഗൂഢാലോചന നടത്തിയെന്ന കള്ളക്കേസാണ് ഉണ്ടാക്കിയത്.

അന്ന് ഒരു ഐപിഎസ് ഓഫീസറുണ്ടായിരുന്നു. പിന്നീട് അദ്ദേഹം ബിജെപിയിലെത്തി. ഈ ഉദ്യോഗസ്ഥന്റെ കടുംപിടിത്തത്തിന്റെ അടിസ്ഥാനത്തിലാണ് 118-ാം വകുപ്പ് കൂടി ചേർത്തത്. സ്വയം പ്രഖ്യാപിത നാടുവാഴികൾ എന്ന് ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് പരാമർശമുണ്ടായി. ആ ജഡ്‌ജിയിപ്പോൾ സർവീസിലില്ല. രാഷ്ട്രീയ പ്രവർത്തനം തുടരുകയാണ് അദ്ദേഹം. സിപിഎം വിരുദ്ധ പ്രവ‌ർത്തനങ്ങളാണ് അദ്ദേഹമിപ്പോൾ നടത്തുന്നത്. അദ്ദേഹത്തിന്റെ ബെഞ്ചാണ് കേസ് സിബിഐയ്ക്ക് വിട്ടത്’- പി ജയരാജൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button