News

മുഖ്യമന്ത്രിയെ ലക്ഷ്യമിടുന്നു; അടൂർ പ്രകാശിന്റെ പരസ്യ വിമർശനങ്ങൾക്കെതിരെ മന്ത്രിസഭയിൽ കടുത്ത പ്രതിഷേധം

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെയും സർക്കാരിനെതിരെയും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി നടത്തുന്ന പരസ്യ വിമർശനങ്ങൾക്കെതിരെ മന്ത്രിസഭയിൽ കടുത്ത അതൃപ്തി. മുഖ്യമന്ത്രിയെയും സർക്കാരിനെയും മുന്നണിയെയും ലക്ഷ്യമിട്ടുള്ള പ്രസ്താവനകൾ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന ആശങ്കയാണ് മന്ത്രിമാർ പങ്കുവെച്ചത്. ഇത്തരം പരസ്യ വിമർശനങ്ങളിൽ നിന്ന് മുതിർന്ന നേതാക്കൾ വിട്ടുനിൽക്കണമെന്ന അഭിപ്രായവും മന്ത്രിസഭയിൽ ഉയർന്നു.

സർക്കാരിന്റെ പ്രവർത്തനങ്ങളിലും മുന്നണിയിലെ തീരുമാനങ്ങളിലും ഏകോപനം ആവശ്യമാണെന്നിരിക്കെ, പരസ്യമായി വിമർശനങ്ങൾ ഉന്നയിക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്നാണ് മന്ത്രിമാരുടെ വിലയിരുത്തൽ. മുഖ്യമന്ത്രിയെ വ്യക്തമായി ലക്ഷ്യമിട്ടാണ് ചില പ്രസ്താവനകളെന്നും മന്ത്രിമാർ ചൂണ്ടിക്കാട്ടിയതായാണ് റിപ്പോർട്ട്.

തീരുമാനങ്ങൾ അറിയിക്കുന്നത് മാധ്യമങ്ങളിലൂടെ; അടൂർ പ്രകാശിന് അതൃപ്തി

യുഡിഎഫിലെ സുപ്രധാന തീരുമാനങ്ങൾ ചർച്ച ചെയ്യാതെയാണ് നടപ്പാക്കുന്നതെന്ന പരാതിയാണ് അടൂർ പ്രകാശ് നേരത്തെ ഉന്നയിച്ചത്. എം.കെ. മുനീറിനും ജി. ദേവരാജനും ക്യാബിനറ്റ് പദവിയിലുള്ള നിയമനങ്ങൾ നൽകിയതടക്കമുള്ള കാര്യങ്ങളിൽ തന്നോട് കൂടിയാലോചന നടത്തിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആരോപണം.

യുഡിഎഫ് കൺവീനർ എന്ന നിലയിൽ മുന്നണിയിലെ പ്രധാന തീരുമാനങ്ങൾ അറിയേണ്ടതുണ്ടെന്നും പല കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും അടൂർ പ്രകാശ് തുറന്നടിച്ചിരുന്നു. ഇക്കാര്യത്തിലുള്ള അതൃപ്തി കോൺഗ്രസ് ദേശീയ നേതൃത്വത്തെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ചാർട്ടേഡ് വിമാനയാത്രയും വിമർശനത്തിന് കാരണം

മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചാർട്ടേഡ് വിമാനയാത്രയുമായി ബന്ധപ്പെട്ടും അടൂർ പ്രകാശ് പരസ്യമായി പ്രതികരിച്ചിരുന്നു. യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ജനങ്ങൾക്ക് ബോധ്യപ്പെടുന്ന രീതിയിൽ മുഖ്യമന്ത്രി വിശദീകരണം നൽകണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

കൂടാതെ, യുഡിഎഫ് യോഗങ്ങൾ ചേരാത്തതിലും മുന്നണിയിലെ തീരുമാനങ്ങൾ ഏകപക്ഷീയമായി കൈക്കൊള്ളുന്നതിലും അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

മുന്നണിയിലെ ഭിന്നത ചർച്ചയാകുന്നു

അടൂർ പ്രകാശിന്റെ പരസ്യ പ്രതികരണങ്ങൾക്കൊപ്പം മന്ത്രിസഭയ്ക്കുള്ളിലും തീരുമാനങ്ങൾ കൈക്കൊള്ളുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായവ്യത്യാസങ്ങൾ ഉയർന്നതായി റിപ്പോർട്ടുകളുണ്ട്. പ്രധാന നിയമനങ്ങളും ഭരണപരമായ തീരുമാനങ്ങളും വേണ്ടത്ര കൂടിയാലോചനയില്ലാതെ നടപ്പാക്കുന്നതിനെതിരെ ചില മന്ത്രിമാർ മുഖ്യമന്ത്രിയോട് അതൃപ്തി അറിയിച്ചിരുന്നു.

അതേസമയം, മന്ത്രിസഭയിൽ വിവിധ അഭിപ്രായങ്ങൾ ഉയരുന്നത് ജനാധിപത്യപരമായ പ്രവർത്തനത്തിന്റെ ഭാഗമാണെന്നായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രതികരണം. എല്ലാ വിഷയങ്ങളിലും ചർച്ചകൾ നടക്കുമെന്നും അഭിപ്രായവ്യത്യാസങ്ങൾക്കൊടുവിൽ യോജിച്ച തീരുമാനങ്ങളിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

അടൂർ പ്രകാശിന്റെ വിമർശനങ്ങളും മന്ത്രിസഭയിലെ അഭിപ്രായവ്യത്യാസങ്ങളും ഒരേസമയം ചർച്ചയാകുന്നതോടെ യുഡിഎഫിനുള്ളിലെ രാഷ്ട്രീയ സാഹചര്യവും ശ്രദ്ധേയമാവുകയാണ്. മുന്നണിയിലെ അസ്വാരസ്യങ്ങൾ പരിഹരിക്കാൻ നേതൃത്വം എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഇനി രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button