News

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കില്ല; ‘ഞാൻ അൺഫിറ്റ്’, പാർട്ടി നൽകിയ സ്ഥാനങ്ങളിൽ സംതൃപ്തനെന്ന് ഡീൻ കുര്യാക്കോസ്

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് പദവിയിലേക്ക് തന്റെ പേര് ഉയർത്തിക്കാട്ടിയുള്ള സോഷ്യൽ മീഡിയ പ്രചാരണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ച് ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ് രംഗത്ത്. നിലവിലെ സാഹചര്യത്തിൽ കെപിസിസി അധ്യക്ഷ പദവിയിലേക്ക് താൻ അയോഗ്യനാണെന്നാണ് സ്വന്തം ബോധ്യമെന്നും, പാർട്ടി നൽകിയ സ്ഥാനങ്ങളിൽ താൻ പൂർണ്ണ സംതൃപ്തനാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

കെപിസിസി പ്രസിഡന്റായി ഡീൻ കുര്യാക്കോസ് വരണമെന്ന തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നവമാധ്യമങ്ങളിൽ വ്യാപകമായ പ്രചാരണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ നിലപാട് വ്യക്തമാക്കി എം.പി. രംഗത്തെത്തിയത്. വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും യുദ്ധം നടത്തിയല്ല ഇത്തരം പദവികൾ തീരുമാനിക്കുന്നതെന്ന ബോധ്യമുണ്ടായിട്ടും അതിനെ പ്രോത്സാഹിപ്പിക്കുന്ന മറ്റ് നേതാക്കളെപ്പോലെ തന്നെ കാണരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. തന്നെ അറിയാവുന്നവർക്ക് ഈ പദവിയിലേക്ക് താൻ സ്വയം ഉയർത്തിക്കാട്ടില്ലെന്ന് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗ്രഹിച്ച പദവികളിലെല്ലാം ദൈവാനുഗ്രഹത്താലും, തന്റെ അധ്വാനം തിരിച്ചറിഞ്ഞ നേതാക്കളുടെ പിന്തുണയാലും എത്തിച്ചേരാൻ സാധിച്ചിട്ടുണ്ടെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. അർഹതയില്ലാതെ ഒരു സ്ഥാനവും ഇതുവരെ ആരോടും ചോദിച്ചിട്ടില്ലെന്നും ഇനി ചോദിക്കുകയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി ഹൈക്കമാൻഡ് ഏറ്റവും അനുയോജ്യനായ ഒരാളെ കണ്ടെത്തുന്നതുവരെ ക്ഷമയോടെ കാത്തിരിക്കുകയാണ് വേണ്ടതെന്നും, തന്നെ സ്നേഹിക്കുന്നവർ അറിഞ്ഞോ അറിയാതെയോ ഇത്തരം ക്യാമ്പയിനുകളിൽ പങ്കാളികളായിട്ടുണ്ടെങ്കിൽ അതിൽ നിന്ന് പിന്തിരിയണമെന്നും ഡീൻ കുര്യാക്കോസ് അഭ്യർത്ഥിച്ചു. ജനപ്രതിനിധി എന്ന നിലയിൽ ആത്മവിശ്വാസത്തോടെ അധ്വാനിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button